തിരുവനന്തപുരം
സംസ്ഥാനത്തിന്റെ സാമ്പത്തിക വിഹിതം വെട്ടിച്ചുരുക്കി കഴുത്തുഞെരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യോജിച്ച ശബ്ദമാണ് ഉയരേണ്ടതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രനടപടിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ സംസ്ഥാന സർക്കാരിനെമാത്രം കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. കേന്ദ്ര ധനമന്ത്രി വിളിച്ചു ചേർക്കുന്ന ധനമന്ത്രിമാരുടെ യോഗത്തിൽ, ഗ്രാന്റ് വെട്ടിച്ചുരുക്കിയതിനെതിരെ മറ്റിടങ്ങളിൽനിന്ന് വിമർശമുയരാറുണ്ട്. എന്നാൽ, ഇവിടത്തെ പ്രതിപക്ഷം പ്രതികരിക്കാൻ തയ്യാറാകുന്നില്ല.
24,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിലാണ്. 1971ൽ കേരളീയന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയേക്കാൾ താഴെയായിരുന്നു. ഇന്ന് ഇരട്ടിയാണ്. റവന്യു വരുമാനം കഴിഞ്ഞ വർഷം 36,032 കോടിയായിരുന്നത് ഇക്കൊല്ലം 46,208 കോടിയായി. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അനാവശ്യച്ചെലവുകൾ ഒഴിവാക്കിയും സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.