അബുദാബി> രാജ്യത്തിൻ്റെ 51-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ച് 1,214 എമിറാത്തി പൗരന്മാരുടെ കടങ്ങൾ 17 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എഴുതിത്തള്ളിയതായി നോൺ- പെർഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ചു. കടങ്ങളുടെ മൊത്തം മൂല്യം 536,230,000 ദിർഹത്തിൽ കൂടുതലാണ്. യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങളുടേയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ തുടർനടപടികളുടേയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അൽ ഹിലാൽ ബാങ്ക്, മഷ്റഖ് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, റാക്ബാങ്ക്, എച്ച്എസ്ബിസി, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, യുണൈറ്റഡ് അറബ് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, അംലക് ഫിനാൻസ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, അൽ മസ്റഫ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖൈവെയ്ൻ (NBQ). എന്നിവയാണ് പതിനേഴു ബാങ്കുകൾ.
എമിറാറ്റികൾ കടമെടുത്ത പണം നോൺ-പെർഫോമിംഗ് ഡെറ്റ് റിലീഫ് ഫണ്ട് തിരിച്ചു നൽകുമെന്നും എല്ലാ യുഎഇ പൗരന്മാർക്കും മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള യുഎഇ നേതൃത്വത്തിൻ്റെ വ്യഗ്രതയിൽ ഈ ഇളവ് ഉൾപ്പെടുമെന്ന് സംസ്ഥാന മന്ത്രിയും നിഷ്ക്രിയ കടാശ്വാസ നിധിയുടെ സുപ്രീം കമ്മിറ്റി ചെയർമാനുമായ ജബർ മുഹമ്മദ് ഗാനേം അൽ സുവൈദി പറഞ്ഞു.