തിരുവനന്തപുരം> ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കിയ ദൗത്യം എൻസിസിക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും അഭിമാനമുഹൂർത്തമാണെന്ന് മന്ത്രി ആർ ബിന്ദു. പാലക്കാടുകാരനായ പൈലറ്റ് എൻസിസി കമാൻഡിങ് ഓഫീസർ എ ജി ശ്രീനിവാസ്, കോ -പൈലറ്റ് ഉദയ് രവി, എൻസിസി നേതൃത്വം, പദ്ധതിയിൽ സഹകരിച്ച മറ്റെല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
ഒരു വർഷത്തിനിടയിലെ പല പരീക്ഷണപരാജയങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടാണ് ദൗത്യം വിജയിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള പൊതുകാര്യങ്ങൾക്കും ഉപകരിക്കുമെന്നതാണ് പദ്ധതിയെ മുന്നോട്ടുനയിച്ചത്. ഇടുക്കിയിലെ വിനോദ സഞ്ചാരസാധ്യതകളിലേക്കും വഴി തുറക്കാനാകും. ട്രയൽ ലാൻഡിങ്ങിനുശേഷമുള്ള റിപ്പോർട്ട് ലഭിച്ചശേഷം പദ്ധതി പൂർണ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളെടുക്കുമെന്ന് മന്ത്രി പറഞ്ഞു.