നെന്മാറ> യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം യോഗത്തിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി, വൈസ് പ്രസിഡന്റിന് ക്രൂര മർദനമേറ്റു. ജില്ലാ പ്രസിഡന്റ് ടി ഫിറോസ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഫെബിൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കൈയാങ്കളി. ചിലർക്ക് ഭാരവാഹിത്വം നൽകിയതാണ് നെന്മാറയിൽ നിന്നുള്ള യൂത്ത് നേതാക്കളെ ചൊടിപ്പിച്ചത്. ജില്ലാ നേതൃത്വവുമായി കടുത്ത വിയോജിപ്പ് യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്നു.
ചർച്ചക്കിടെ ഉണ്ടായ ബഹളം കൈയാങ്കളിയിൽ എത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ വസ്ത്രം കീറുകയും ഹാളിന് പുറത്തേക്ക് തള്ളുകയും ചെയ്തു. തുടർന്ന് ഒരു വിഭാഗം ബഹളം വച്ചതോടെ യോഗം പൂർത്തിയാക്കാതെ നേതാക്കൾ മടങ്ങി.
യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റിയും ജില്ലാ നേതൃത്വവും തമ്മിൽ നേരത്തേ മുതൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പരസ്യമായ ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് മണ്ഡലം കമ്മിറ്റി യോഗത്തിലെ അടി. ചെറിയ പാർടികളിൽ നിന്നെത്തിയവർക്ക് പ്രാദേശിക നേതാക്കളുടെ താൽപ്പര്യം പരിഗണിക്കാതെ സ്ഥാനങ്ങൾ നൽകുന്നതിനെയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇവരുടെ പരാതി ഉൾക്കൊള്ളാൻ ജില്ലാ നേതൃത്വം തയ്യാറാകുന്നില്ല. വിയോജിപ്പ് കൈയാങ്കളിയിൽ എത്തിയതോടെ വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടുണ്ട്.