തിരുവനന്തപുരം> വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മാണം നിര്‍ത്തിവെക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാര്‍ അത് ഉദ്ദേശിക്കുന്നില്ല. നാടിന് ആവശ്യമുള്ള പദ്ധതികള്‍ ഏതെങ്കിലും കോണില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കില്ല. നാടിനോട് ഭാവിയില്‍ താല്പര്യമുള്ള എല്ലാവരും സഹകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി ഉപേക്ഷിക്കില്ല എന്നത് വ്യക്തമാക്കിയതാണ്.പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടായിട്ടില്ല.തീരശോഷണത്തെ കുറിച്ച് വിദഗ്ദ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വേറൊന്നും ചെയ്യാനില്ലെന്നും നിക്ഷിപ്ത താല്പര്യക്കാര് ഒന്നിച്ച് കൂടി വികസനം തടയാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഉയര്‍ന്നത് ഏഴ് ആവശ്യങ്ങളായിരുന്നു. അതില്‍ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു.പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വസ്തത നഷ്ടമാകും. രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടാകാമെങ്കിലും ഒരു സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി തുടര്‍ന്നുവരുന്ന സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ നിക്ഷേപകര്‍ വരില്ല. ഏതു വേഷത്തില്‍ വന്നാലും സര്‍ക്കാരിനെ വിരട്ടാം എന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി