മനാമ> ഫിഫ ലോകകപ്പ് ടിക്കറ്റില്ലാതെ ആരാധകര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഖത്തറില്‍ വരാം. പ്രവേശനത്തിന് ഹയ്യാ കാര്‍ഡ് അപേക്ഷയോടൊപ്പം, താമസത്തിന് ഹോട്ടല്‍ റിസര്‍വേഷന്‍, പ്രവേശന ഫീസായ 500 ഖത്തരി റിയാല്‍ ഫീസ് എന്നിവ നല്കിയാല് ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടിക്കറ്റ് ഇല്ലാത്തവരെ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഡിസംബര്‍ രണ്ടു മുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ നവംബര്‍ മൂന്നിന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.മാച്ച് ടിക്കറ്റില്ലാതെ ആരാധകര്‍ക്കും ഖത്തര്‍ ലോകകപ്പ് ടൂര്‍ണമെന്റ് അന്തരീക്ഷം ആസ്വദിക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്. ഹയ്യ കാര്‍ഡുകള്‍ക്കായി ഹയ്യ പ്ലാറ്റ്ഫോം വഴിയോ ഹയ്യ മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷിക്കാം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, പ്രവേശന പെര്‍മിറ്റ് അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിക്കും.
എന്നാല്‍, ഖത്തര്‍ പ്രവേശന ഫീസായി 500 ഖത്തരി റിയാല്‍ ഏതാണ്ട് 11,148 രൂപ) നല്‍കണം. 12 വയസിന് താഴെയുള്ളവര്‍ക്ക് ഇത് ബാധകമല്ല. കൂടാതെ, ഇവര്‍ക്ക് ഖത്തറില്‍ സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. സൈറ്റില്‍ അനുവദിച്ചിട്ടുള്ള ഹോട്ടലുകളിലായിരിക്കണം റൂം എടുക്കേണ്ടത്.