ന്യൂഡൽഹി> കസ്റ്റഡി മരണക്കേസിൽ താൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതിവിധിക്ക് എതിരായ അപ്പീലിൽ വാദം തുടങ്ങാനുള്ള ഗുജറാത്ത് ഹൈക്കോടതി തീരുമാനത്തിന് എതിരെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ. അപ്പീലുമായി ബന്ധപ്പെട്ട് തനിക്ക് അധികതെളിവുകൾ സമർപ്പിക്കാനുണ്ടെന്നും അതുവരെ വാദം തുടങ്ങരുതെന്ന് നിർദേശം നൽകണമെന്നും സഞ്ജീവ്ഭട്ട് ആവശ്യപ്പെട്ടു.
അധികതെളിവുകൾ സമർപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന സഞ്ജീവ്ഭട്ടിന്റെ ഹർജി നിലവിൽ സുപ്രീംകോടതി പരിഗണനയിലുണ്ട്. ആ ഹർജി സുപ്രീംകോടതി തീർപ്പാക്കുന്നത് വരെ ഹൈക്കോടതി വാദംകേൾക്കുന്നത് മാറ്റിവെക്കണമെന്നാണ് സഞ്ജീവ്ഭട്ടിന്റെ വാദം. 1990ൽ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി എന്നയാൾ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സഞ്ജീവ്ഭട്ട് കുറ്റക്കാരനാണെന്ന് ജാംനഗർ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിനെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.