ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യാവേളയിൽ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്ക് എതിരെ ബിൽക്കിസ്ബാനു സുപ്രീംകോടതിയിൽ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച നടപടിക്ക് എതിരെ അവർ റിട്ട് ഹർജി ഫയൽ ചെയ്തു.
പ്രതികളെ വിട്ടയക്കുന്ന വിഷയത്തിൽ ഗുജറാത്ത് സർക്കാരിന് തീരുമാനം എടുക്കാമെന്ന മെയ് 13ലെ സുപ്രീംകോടതി ഉത്തരവിന് എതിരെ അവർ പുനഃപരിശോധനാ ഹർജിയും നൽകി. ബുധനാഴ്ച് ബിൽക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഡ്വ. ശോഭാഗുപ്ത ഹർജികളുടെ കാര്യം ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. മെയ് 13ലെ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് അജയ്റസ്തോഗിയുടെ ബെഞ്ച് തന്നെ പുനഃപരിശോധനാഹർജി പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. ജസ്റ്റിസ് അജയ്റസ്തോഗി നിലവിൽ ഭരണഘടനാബെഞ്ചിന്റെ ഭാഗമായി കേസുകൾ പരിഗണിക്കുന്നതിനാൽ അദ്ദേഹത്തിന് പുനഃപരിശോധനാഹർജി പരിഗണിക്കാൻ സാവകാശം ഉണ്ടാകുമോയെന്ന് അഭിഭാഷക സംശയം പ്രകടിപ്പിച്ചു.
എന്നാൽ, ജസ്റ്റിസ് അജയ്റസ്തോഗി തന്നെ ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ, പുനഃപരിശോധനാഹർജിയിൽ തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന് അഭിഭാഷക ആവശ്യപ്പെട്ടു. ആ കാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ആദ്യം പുനഃപരിശോധനാഹർജിയും പിന്നീട് ശിക്ഷാഇളവ് ചെയ്തതിന് എതിരായ ഹർജിയും കോടതി പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വാതന്ത്രദിനമായ ആഗസ്ത് 15ന് ഗുജറാത്ത് സർക്കാർ 11 പ്രതികളെയും വിട്ടയച്ചിരുന്നു.
സർക്കാർ നടപടി രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. സിപിഐ എം നേതാവ് സുഭാഷിണി അലി ഉൾപ്പടെയുള്ളവർ ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചു. മോചനം ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ നൽകിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാരിനോട് ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.