ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ അശോക് ഗെലോട്ട്–- സച്ചിൻ പൈലറ്റ് പോര് കടുത്തതിൽ നടുങ്ങി കോൺഗ്രസ് ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പിന് ഒരു വർഷംമാത്രം ശേഷിക്കെ മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചക്കും സച്ചിൻപൈലറ്റ് വിഭാഗം തയ്യാറല്ല. എന്നാൽ, ബിജെപി പിന്തുണയോടെ സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ചയാളെ അംഗീകരിക്കില്ലെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ നിലപാട്. 107 കോൺഗ്രസ് എംഎൽഎമാരിൽ തൊണ്ണൂറിലേറെ പേർ ഗെലോട്ടിനൊപ്പമാണ്. സച്ചിൻ അനുകൂലികൾ പത്തിൽ താഴെ മാത്രവും.
ഡിസംബർ ആദ്യ ആഴ്ചയാണ് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കുക. പതിനെട്ട് ദിവസത്തോളം സംസ്ഥാനത്തുണ്ട്. കോൺഗ്രസ് ഭരണ സംസ്ഥാനമെന്ന നിലയിൽ രാജസ്ഥാനിൽ യാത്ര വൻവിജയമാക്കാനായിരുന്നു ഹൈക്കമാൻഡ് പദ്ധതി. എന്നാൽ, പൈലറ്റ്–- ഗെലോട്ട് അടി രൂക്ഷമായതോടെ എല്ലാം തകിടംമറിഞ്ഞു. അജയ് മാക്കൻ അടക്കം കേന്ദ്ര നേതൃത്വത്തിൽ ഒരു വിഭാഗം പൈലറ്റിനൊപ്പമാണ്. ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റാക്കി പകരം പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഇവരുടെ നീക്കം ഒപ്പമുള്ള ഗെലോട്ട് ആദ്യമേ വെട്ടിയിരുന്നു.
ഇതിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് രാജസ്ഥാൻ ചുമതലയിൽനിന്ന് രാജിവച്ചതായി മാക്കൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എന്നാൽ, മാക്കന്റെയും മറ്റും പിന്തുണയിൽ പൈലറ്റ് നടത്തുന്ന നീക്കങ്ങളെ രണ്ടും കൽപ്പിച്ച് പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് ഗെലോട്ട് പക്ഷം.