ബ്രസീലിയ
ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ലുല ഡ സിൽവയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജയ്ർ ബോൾസനാരോ നൽകിയ ഹർജി കോടതി തള്ളി. ബോൾസനാരോയുടെ സഖ്യത്തിലെ പാർടികൾക്ക് ബ്രസീലിലെ സുപ്പീരിയർ ഇലക്ടറൽ കോടതി 22.9 ലക്ഷം ബ്രസീലിയൻ റിയാൽ (35.12 കോടിരൂപ) പിഴയും വിധിച്ചു. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ഹനിക്കുംവിധം അനാവശ്യ ഹർജി നൽകിയതിനാണ് പിഴ ശിക്ഷ.
വോട്ടെണ്ണെൽ യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ചായിരുന്നു ബോൾസനാരോയുടെ സഖ്യത്തിന്റെ ഹർജി. ഒക്ടോബർ 30ന് നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവ 50.9 ശതമാനം വോട്ട് നേടിയിരുന്നു. തീവ്രവലത് ലിബറൽ പാർടി നേതാവായ ജയ്ർ ബോൾസനാരോയ്ക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്. ഡിസംബർ 31 വരെ പ്രസിഡന്റ് പദവിയിൽ ബോൾസനാരോയ്ക്ക് കാലാവധിയുണ്ട്. ലുല ഡ സിൽവ ജനുവരി ഒന്നിന് പ്രസിഡന്റായി ചുമതലയേൽക്കും.