കോലാലംപുർ
മലേഷ്യയുടെ പത്താമത് പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹിം അധികാരമേറ്റു. മലേഷ്യന്‍ രാജാവ് അൽ– സുല്‍ത്താന്‍ അബ്ദുള്ളയാണ് പ്രതിപക്ഷ നേതാവ് കൂടിയായ അന്‍വര്‍ ഇബ്രാഹിമിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഭരണപ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ‘പകതാൻ ഹാരപ്പൻ’ സഖ്യത്തിന്റെ നേതാവായ അന്‍വര്‍ ഇബ്രാഹിമിനെ രാജാവ് നിര്‍ദേശിച്ചത്.
222 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. അൻവർ ഇബ്രാഹിമിന്റെ ‘പകതാൻ ഹാരപ്പൻ’ സഖ്യം 82 സീറ്റും മുൻ പ്രധാനമന്ത്രി മുഹ്യിദ്ദീൻ യാസിന്റെ ‘പെരിക്കാതൻ നാഷണൽ’ സഖ്യം 73 സീറ്റും നേടിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ഇസ്മയിൽ സാബ്രി യാക്കോബിന്റെ ബാരിസൻ നാഷണൽ സഖ്യം 30 സീറ്റോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബാരിസൻ നാഷണൽ സഖ്യം അൻവർ ഇബ്രാഹിമിന് പിന്തുണ നൽകുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ലൈംഗിക, അഴിമതി ആരോപണങ്ങളുടെ പേരിൽ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.