തിരുവനന്തപുരം
എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കു കീഴിലാണെന്നും കോൺഗ്രസ് പാർടിയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് നേതാക്കൾ പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂരിന്റെ മലബാർ സന്ദർശനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും പാർടിയിൽ ഇടവും പ്രവർത്തന സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, ചട്ടക്കൂടിൽ നിൽക്കണം. തരൂർ പ്രത്യേക ഗ്രൂപ്പുണ്ടാക്കുന്നതായി തോന്നുന്നില്ല. മീഡിയ ഹൈപ്പ് മാത്രമാണിത്. സതീശൻ തരൂരിനെതിരെ പറഞ്ഞിട്ടില്ല. ഭിന്നിപ്പുണ്ടാക്കുന്ന വിധം ആരും പ്രവർത്തിക്കരുത്. മുഖ്യമന്ത്രിക്കുപ്പായം മോഹമുള്ളവരാണ് തരൂരിനെതിരെ രംഗത്തുവന്നിട്ടുള്ളതെന്ന കെ മുരളീധരന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘ കുപ്പായം തയ്ക്കാൻ ഇനിയും നാലുവർഷം കിടക്കുന്നുണ്ട്. സമയമെടുത്ത് തയ്ച്ചാൽ മതി. ഇപ്പോഴേ തയ്പിക്കേണ്ടതില്ല. ’ എന്ന് ചെന്നിത്തല മറുപടി പറഞ്ഞു.
‘പലതും ചിലർ
ഓർക്കുന്നില്ല’… സതീശന് മറുപടി
പാർടി പരിപാടികളിലോ സമരങ്ങളിലോ കാണാറില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആക്രമണത്തിന് ശശി തരൂരിന്റെ മറുപടി. കോൺഗ്രസ് തിരുവനന്തപുരത്ത് പല സമരങ്ങളും നടത്തുന്നുണ്ടെന്നും അതിലൊന്നും ഇത്തരം നേതാക്കളെ കാണാറില്ലെന്നുമായിരുന്നു സതീശന്റെ കുത്ത്. എന്നാൽ, കോർപറേഷൻ കത്ത് വിവാദത്തിൽ താനാണ് ആദ്യം പ്രതികരിച്ചതെന്നും മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും യുഡിഎഫിന്റെ സമരപ്പന്തലിലെത്തിയ തരൂർ പറഞ്ഞു. പലതും ചിലർ മറന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥൻ, ആർഎസ്പി നേതാവ് എ എ അസീസ് തുടങ്ങിയ നേതാക്കൾ തരൂരിനെ സ്വീകരിക്കാനെത്തി.