പാലക്കാട്
മോഹൻലാലിനെവച്ച് എന്തുകൊണ്ട് സിനിമയെടുക്കുന്നില്ല? മലയാള സിനിമയുടെ ചക്രവർത്തി അടൂർ ഗോപാലകൃഷ്ണനോട് സദസ്സിൽനിന്ന് ചോദ്യമുയർന്നു. താരങ്ങളെ നോക്കിയല്ല സിനിമയെടുക്കുന്നത്, കഥാപാത്രങ്ങളെവച്ചാണ്, അതാണ് മതിലുകൾ സിനിമയെന്ന് അടൂരിന്റെ മറുപടി. ദേശീയ അവാർഡ് ലഭിച്ചശേഷമാണ് സ്വയംവരം വിജയിച്ചത്. ഈ സിനിമയ്ക്ക് ആദ്യം കിട്ടിയ സ്വീകരണം വിക്ടോറിയ കോളേജിലെ വിദ്യാർഥികളിൽനിന്നായിരുന്നെന്നും അടൂർ പറഞ്ഞു. ചിരിയില്ലാത്ത സിനിമയെടുക്കുന്ന അടൂരുമായുള്ള മുഖാമുഖം ആസ്വാദകർക്ക് ചിരിയരങ്ങ് ഒരുക്കി. സംവിധായകനല്ല കുഞ്ചൻ നമ്പ്യാരുടെ അപ്പൂപ്പനാണ് താങ്കൾ എന്നായിരുന്നു ചർച്ചയ്ക്ക് ഒടുവിൽ ഒരു സഹൃദയന്റെ മറുപടി.
സ്വയംവരം ചലച്ചിത്രത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ലൈബ്രറിയാണ് ‘സ്വയംവരം @50’ എന്ന പരിപാടിയിലൂടെ അടൂർ ഗോപാലകൃഷ്ണന് സ്വീകരണമൊരുക്കിയത്. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ജോൺ സാമുവൽ അധ്യക്ഷനായി. പി കെ രാജശേഖരൻ, രഘുനാഥൻ പറളി എന്നിവർ പ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികളും കലാമണ്ഡലം ശിവൻ നമ്പൂതിരിയും അടൂരിനെ ആദരിച്ചു. സ്വയംവരം ചലച്ചിത്രവും പ്രദർശിപ്പിച്ചു. പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേർന്ന് തയ്യാറാക്കിയ ‘സ്വയംവരം –- അടൂരിന്റെയും അനുവാചകരുടെയും’, ജോൺ സാമുവൽ രചിച്ച ‘സിനിമയുടെ ശരീരം’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. ടി ആർ അജയൻ, ബി രാജേന്ദ്രൻ നായർ,രാജേഷ് മേനോൻ, സി പി ചിത്രഭാനു, പ്രൊഫ. സി സോമശേഖരൻ എന്നിവർ സംസാരിച്ചു.