കോട്ടയം
ഡിസിസിയുടെ എതിർപ്പിനെ അവഗണിച്ച് ഈരാറ്റുപേട്ടയിൽ വർഗീയവിരുദ്ധ സമ്മേളനത്തിൽ ഉദ്ഘാടകനായി ശശി തരൂരിനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ച് ജില്ലയിലെ യൂത്ത് കോൺഗ്രസ്. ഡിസംബർ മൂന്നിന് നടക്കുന്ന പരിപാടിയിൽ തരൂർ പങ്കെടുക്കുന്നതിൽ ഡിസിസിയുടെ എതിർപ്പ് പ്രസിഡന്റ് നാട്ടകം സുരേഷ് കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തരൂരിന്റെ മലബാർ പര്യടനത്തിന്റെ പേരിൽ പലതട്ടിലായ കോൺഗ്രസിന് കോട്ടയത്തെ ഭിന്നത പുതിയ തലവേദനയായി. ഈരാറ്റുപേട്ടയിലെ സമ്മേളനത്തിന്റെ പോസ്റ്ററിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കിയതും വിവാദമായിരുന്നു. ഉമ്മൻചാണ്ടി അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടി വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്.
ഡിസിസിയോട് ആലോചിക്കാതെ പരിപാടി സംഘടിപ്പിച്ചതിലൂടെ യൂത്ത് കോൺഗ്രസ് തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എന്നാൽ, പരിപാടി സംഘടിപ്പിക്കുമ്പോൾ ഡിസിസിയുമായി മുൻകൂർ കൂടിയാലോചിക്കേണ്ടതില്ലെന്നും തീരുമാനിച്ച ശേഷം അറിയിച്ചാൽ മതിയെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി പറഞ്ഞു.
ഇതിനിടെ വി ഡി സതീശനെയും ചെന്നിത്തലയെയും ഒഴിവാക്കി പുതിയ ഫ്ലക്സ് ബോർഡ് പാലായിൽ ഉയർന്നു. മുമ്പ് സ്ഥാപിച്ച ഫ്ളക്സുകളിൽ ഇവരെ ഒഴിവാക്കിയതിലെ വിവാദം തുടരുന്നതിനിടെയാണ് ബുധൻ രാത്രി യൂത്ത് കോൺഗ്രസ് പുതിയ ഫ്ളക്സ് സ്ഥാപിച്ചത്.