തിരുവനന്തപുരം
കെ സുധാകരനും വി ഡി സതീശനും കൊട്ടിഘോഷിച്ച കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സിയുസി), തോൽവി പഠിക്കാൻ നടത്തിയ സർവേ എന്നിവയുടെ പേരിൽ ഒരു കോടിയിലധികം രൂപ തിരിമറി നടത്തിയെന്ന് ആക്ഷേപം. കെപിസിസി ഫണ്ടിൽനിന്ന് 94 ലക്ഷം രൂപ സിയുസി നടപ്പാക്കുന്നതിനും 40 ലക്ഷം രൂപ സർവേക്കുമായി പിൻവലിച്ചതായാണ് വിവരം. 137 ചലഞ്ചുവഴി കോടികൾ കോൺഗ്രസ് പിരിച്ചിരുന്നു. ഇതിന് കൃത്യമായ കണക്കില്ല. സിയുസി അംഗത്വ വിതരണവും എങ്ങുമെത്തിയില്ല.
കെ സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിയുസിയും സർവേയും. ഇതിനായി കോഴിക്കോട്ടും കണ്ണൂരുമുള്ള രണ്ടുപേരെ കൊണ്ടുവന്ന് ശാസ്തമംഗലത്ത് ആഡംബര ഫ്ലാറ്റ് അടക്കം സൗകര്യം ചെയ്തുകൊടുത്തു. കെപിസിസി ഓഫീസിന് അധികം ദൂരെയല്ലാത്ത ഈ ഫ്ലാറ്റിൽ എന്തൊക്കെയാണ് നടക്കുന്നത് എന്നതിലും സംശയമുണ്ടെന്നും നേരത്തേ സുധാകരനോടൊപ്പം നിന്ന നേതാക്കൾ പറയുന്നു.
കെ സുധാകരൻ കെപിസിസി പ്രസിഡന്റും വി ഡി സതീശൻ പ്രതിപക്ഷ നേതാവുമായശേഷമാണ് സർവേ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് തോൽക്കുന്നത് എന്തുകൊണ്ടെന്ന് പഠിക്കലായിരുന്നു ലക്ഷ്യം. മണ്ഡലം കമ്മിറ്റിക്കു കീഴിൽ അഞ്ച് യൂണിറ്റ് കമ്മിറ്റിയെങ്കിലും രൂപീകരിക്കുമെന്നും തീരുമാനിച്ചു. കോൺഗ്രസ് കുടുംബങ്ങളിൽനിന്ന് എസ്എഫ്ഐയിലേക്കും ബാലസംഘത്തിലേക്കും കുട്ടികൾ പോകുന്നത് തടയലാണ് മുഖ്യലക്ഷ്യമെന്ന് സുധാകരനും സതീശനും എല്ലാ ജില്ലയിലും പ്രസംഗിച്ചു. കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള മൃതസഞ്ജീവനി, അവസാന ബസ് എന്നൊക്കെയാണ് നേതാക്കൾ സിയുസിയെക്കുറിച്ച് പറഞ്ഞത്. എല്ലാം ഇപ്പോൾ പൂർത്തിയാക്കുമെന്നു പറഞ്ഞ വി ഡി സതീശന് പറവൂരിൽപ്പോലും ഒന്നും നടപ്പാക്കാനായില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പേരിൽ പിൻവലിച്ച ഫണ്ട് ചിലർ പുട്ടടിച്ചെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തമാണ്. പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിൽ ഈ വിഷയത്തിന് ചൂടേറും.