തിരുവനന്തപുരം
ഡിസംബർ ആദ്യവാരം ജൽജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടിവെള്ള കണക്ഷൻ എത്തും. അവശേഷിക്കുന്ന 38.96 ലക്ഷം വീട്ടിലും കണക്ഷൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയിൽ 14.34 ലക്ഷം കണക്ഷൻ ഇതിനകം നൽകി. 53.35 ലക്ഷം പുതിയ കണക്ഷനാണ് ലക്ഷ്യമിട്ടത്. പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാനത്ത് 17.50 ലക്ഷം വീട്ടിൽ കണക്ഷൻ ഉണ്ടായിരുന്നു. നിലവിൽ 31.84 ലക്ഷം വീട്ടിൽ കണക്ഷൻ ലഭ്യമാക്കാനായി. 36 പഞ്ചായത്തിൽ എല്ലാ വീട്ടിലും കണക്ഷനുണ്ട്.
ദൗത്യവേഗം ഉയരുന്നു
ജൽജീവൻ മിഷൻ ഡിസംബറിൽത്തന്നെ പൂർത്തിയാക്കാനായി സർക്കാർ ഇടപെടൽ ശക്തമാക്കി. എംഎൽഎമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണനേതൃത്വത്തെയും മുൻനിർത്തി പദ്ധതിപ്രവർത്തനങ്ങൾ വേഗത്തിലാക്കി. നവംബറിൽ പദ്ധതി പൂർത്തീകരണം ലക്ഷ്യമിട്ടിരുന്നു. തുടർച്ചയായ മഴയും ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിലെ പ്രാദേശികമായ തടസ്സങ്ങളുമാണ് വേഗം കുറച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ജില്ലാതല അവലോകനം ഏഴു ജില്ലയിൽ പൂർത്തിയായി. പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ അവലോകനത്തിൽ ഡിസംബറിലെ പൂർത്തീകരണം ഉറപ്പാക്കി. തിങ്കളാഴ്ചയ്ക്കകം എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലും അവലോകനം നടക്കും. തുടർന്ന് മറ്റു ജില്ലകളിലും പുരോഗതി വിലയിരുത്തും.
എല്ലാ വീട്ടിലും കണക്ഷൻ എത്തിയ പഞ്ചായത്തുകൾ
തിരുവനന്തപുരം കല്ലിയൂർ. കോട്ടയം ആർപ്പൂക്കര, കുമരകം, തലയാഴം. ആലപ്പുഴ അരൂർ, അരൂകുറ്റി, ചേന്നം പള്ളിപ്പുറം, പാണാവള്ളി, പെരുമ്പലം, തണ്ണീർമുക്കം, തുറവൂർ, തൈയ്ക്കാട്ടുശേരി. എറണാകുളം ചേരാനല്ലൂർ, എടവനക്കാട്, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളങ്ങി, വടക്കേക്കര. തൃശൂർ എടവിലങ്ങ്, ഏറിയാട്, പടിയൂർ. പാലക്കാട് കൊപ്പം, നെന്മാറ. മലപ്പുറം കുറുവ. കോഴിക്കോട് കടലുണ്ടി, കുന്നുമ്മൽ, കുറുവട്ടൂർ, തുറയൂർ. കണ്ണൂർ ചെറുകുന്ന്, ചെറുതാഴം, കല്യാശേരി, കണ്ണപുരം, കതിരൂർ, മുഴുപ്പിലങ്ങാട്, പിണറായി, രാമന്തളി.