മംഗളൂരു
മംഗളൂരു ഓട്ടോറിക്ഷാ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്ന് കർണാടക സർക്കാർ. ബുധൻ രാവിലെ സ്ഫോടനസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, ഡിജിപി പ്രവീൺസൂദ് എന്നിവർ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ എൻഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചപ്പോൾതന്നെ കേന്ദ്ര ഏജൻസികൾ പൊലിസിനൊപ്പമുണ്ട്. ഉടനെ കേസ് കൈമാറാൻ സാധിക്കുമെന്ന് ഇരുവരും അറിയിച്ചു .
പ്രതി മുഹമ്മദ് ഷാരിഖ് വ്യാജപ്പേരിൽ തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം യാത്രചെയ്തിട്ടുണ്ടെന്നാണ് വിവരം. സ്ഫോടനവുമായി ബന്ധപ്പെട്ട് നാഗർകോവിൽ, കൊച്ചി, കന്യാകുമാരി, ബംഗളൂരു, മൈസൂരു തുടങ്ങി എട്ടോളം കേന്ദ്രങ്ങളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. മുഹമ്മദ് ഷാരിഖിന്റെ വാട്സാപ് ഫോട്ടോ കോയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെ വലിയ ശിവവിഗ്രഹത്തിന്റേതാണ്. ആൾമാറാട്ടത്തിന്റെ ഭാഗമായാണ് ഇതെന്ന് പൊലീസ് പറഞ്ഞു.