ദോഹ
ഗോൾദാഹിയാണ് ലെവൻഡോവ്സ്കി. എല്ലാം തികഞ്ഞ ഗോളടിയന്ത്രം. എന്നാൽ, ലോകകപ്പ് ഗോളെന്ന സ്വപ്നം പൂർത്തിയാക്കാനാകുന്നില്ല പോളണ്ട് ക്യാപ്റ്റന്.
മെക്സിക്കോയ്ക്കെതിരെ സുവർണാവസരം കിട്ടിയതായിരുന്നു. പക്ഷേ, പെനൽറ്റി മികച്ചതായിരുന്നില്ല. മെക്സിക്കൻ ഗോൾ കീപ്പർ ഗില്ലർമൊ ഒച്ചോവ അത് തടഞ്ഞു. കളി ഗോളില്ലാതെയാണ് അവസാനിച്ചത്.
ഈ മുപ്പത്തിനാലുകാരന്റെ രണ്ടാമത്തെ ലോകകപ്പാണ്. റഷ്യയിൽ മൂന്നുകളിയിൽ പന്തുതട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. ക്ലബ് ഫുട്ബോളിൽ ഗോളടിച്ചുകൂട്ടുമ്പോഴും ലോകകപ്പ് ഗോൾ അകന്നുനിൽക്കുന്നു. ചാമ്പ്യൻസ് ലീഗ് അടക്കം ക്ലബ് ഫുട്ബോളിൽ നേട്ടങ്ങളുടെ കൊടുമുടിതന്നെ ബാഴ്സയുടെ മുന്നേറ്റക്കാരൻ സ്വന്തമാക്കിയിട്ടുണ്ട്.