ദോഹ
ജർമനിയും കരയുമെന്നു കാണിച്ച ലോകകപ്പായിരുന്നു 2018ലേത്. ദക്ഷിണകൊറിയയോട് തോറ്റ് തിരിച്ചുപോയ രാത്രി അവർ മറക്കില്ല. നിലവിലെ ചാമ്പ്യൻമാരെന്ന പകിട്ടുമായെത്തി വെറുംകൈയോടെ മടങ്ങിയ വേദന. കാലം മാറിയെങ്കിലും കളത്തിലെ ആ നീറ്റൽ ഇപ്പോഴുമുണ്ട് ജർമനിക്ക്. ഇന്ന് ഗ്രൂപ്പ് ഇയിൽ ജപ്പാനെ നേരിടുമ്പോൾ തിരിച്ചുവരവാണ് ജർമനിയുടെ മനസ്സിൽ. ഖത്തറിലെ ഏറ്റവും കഠിനമായ ഗ്രൂപ്പിലാണ് കളി. ജർമനിക്കും മുൻ ചാമ്പ്യൻമാരായ സ്പെയ്നും ഇ ഗ്രൂപ്പിലാണ്. കോസ്റ്ററിക്കയുമായാണ് സ്പെയ്നിനിന്റെ കളി.
അഞ്ചാംകിരീടം ലക്ഷ്യമിട്ടാണ് ജർമനി കളത്തിലിറങ്ങുന്നതെങ്കിലും സമീപകാലത്തെ മോശം ഫോം ടീമിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്. നാലുതവണ കിരീടമുയർത്തുകയും നാലുതവണ രണ്ടാമതെത്തുകയും ചെയ്ത ചരിത്രവും ടീമിനുണ്ട്. യുവനിരയും പരിചയസമ്പന്നരും ചേർന്ന സന്തുലിത ടീമാണ് ഇക്കുറി ജർമനിയുടെ കരുത്ത്. ജമാൽ മുസിയാലയെന്ന പത്തൊമ്പതുകാരനാണ് കുന്തമുന.
ലോകകപ്പിൽ പ്രീക്വാർട്ടറിനപ്പുറം മുന്നേറിയ ചരിത്രമില്ലെങ്കിലും തങ്ങളുടെ ദിവസത്തിൽ ഏത് വമ്പനെയും അട്ടിമറിക്കാനുള്ള കരുത്ത് ജപ്പാനുണ്ട്. ഏഴാം ലോകകപ്പിന് ഇറങ്ങുന്ന ടീം മൂന്നുതവണ പ്രീക്വാർട്ടറിലെത്തി. ടിക്കി–-ടാക്കയിലൂടെ 2010 ചാമ്പ്യൻമാരായ സ്പെയിന് പിന്നീട് പടിയിറക്കമാണ്. 2014ൽ ഗ്രൂപ്പ് ഘട്ടത്തിലും 2018ൽ പ്രീക്വാർട്ടറിലും മടങ്ങി. കരുത്തുറ്റ യുവനിരയെയാണ് ഇത്തവണ ഖത്തറിൽ അവതരിപ്പിക്കുന്നത്.
ഇരുപത്തിരണ്ടുകാരൻ ഫെറാൻ ടോറസ്, പത്തൊമ്പതുകാരൻ പെഡ്രി, പതിനെട്ടുകാരൻ ഗാവി എന്നിവർ ഇത്തവണ ലോകകപ്പിന്റെ താരമാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരാണ്. കോസ്റ്ററിക്കയ്ക്കെതിരെ ആദ്യമത്സരത്തിന് ഇറങ്ങുമ്പോൾ ജയംമാത്രമാണ് ടീം ലക്ഷ്യമിടുന്നത്.
ബ്രസീൽ ലോകകപ്പിൽ ഉറുഗ്വേയെയും ഇറ്റലിയെയും വീഴ്ത്തുകയും ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കുകയും ചെയ്ത ചരിത്രം ആവർത്തിക്കാനാകുമെന്നാണ് കോസ്റ്ററിക്ക കണക്കുകൂട്ടുന്നത്. പിഎസ്ജി ഗോളി കെയ്ലർ നവാസാണ് പ്രമുഖ താരം.