കൊല്ലം/കൊച്ചി
‘ ഇപ്പോൾ വിളിപോലുമില്ല. ഫോണിലൂടെ അവന്റെ ശബ്ദമെങ്കിലും കേട്ടാൽ മതിയായിരുന്നു. ചോദിക്കുമ്പോൾ ഇടപെടുന്നുണ്ടെന്ന മറുപടി മാത്രമാണ് കേന്ദ്ര വിദേശ സഹമന്ത്രി ഉൾപ്പെടെ പറയുന്നത്. അതൊക്കെ വിശ്വസിക്കാനേയാകൂ, വീട്ടിലിരുന്ന് ഞങ്ങൾക്ക് എന്തുചെയ്യാനാകും’–- നൈജീരിയൻ സേന തടവിലാക്കിയ നോർവേ കപ്പലിലെ ജീവനക്കാരൻ കൊല്ലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിജിത് വി നായരുടെ അച്ഛൻ ത്രിവിക്രമൻനായരുടെ വാക്കുകളിൽ ആശങ്ക ഒഴിയുന്നില്ല. ‘വിദേശ മന്ത്രാലയത്തിൽനിന്ന് ആരും വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇന്ത്യക്കാരെ മോചിപ്പിക്കാൻ തുടർനടപടികൾ എന്തെങ്കിലും ഉണ്ടായതായി വിവരമില്ല’– കപ്പലിലെ മോട്ടോർമാൻ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്തിന്റെ സഹോദരൻ ആന്റണി ജോബിയുടെ മുഖത്തും ആശങ്ക.
നൈജീരിയയിൽ തടവിലുള്ള ക്രൂഡ്ഓയിൽ ടാങ്കർ എംടി ഹീറോയിക് ഈഡുനിലെ ജീവനക്കാരുടെ കുടുംബങ്ങൾ ദിവസങ്ങൾ പിന്നിടുന്നതോടെ വല്ലാത്ത നോവനുഭവിക്കുകയാണ്. ഉറ്റവരെപ്പറ്റി ഒരു വിവരവുമില്ല. ഇന്ത്യൻ വിദേശ മന്ത്രാലയത്തിൽനിന്ന് ഇടപെടലും ഉണ്ടാകുന്നില്ലെന്ന സങ്കടവും ഈ കുടുംബങ്ങൾക്കുണ്ട്. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇക്വറ്റോറിയൽ ഗിനി നാവികസേന ആഗസ്ത് ഒമ്പതിനാണ് കപ്പൽ പിടിച്ചത്.
കള്ളക്കേസ് ചുമത്തിയാണ് നൈജീരിയൻ സേന നാവികരെ കസ്റ്റഡിയിലെടുത്തത്. മൂന്നു മലയാളികൾ ഉൾപ്പെടെയുള്ളവരെ 11നാണ് നൈജീരിയക്ക് കൈമാറിയത്. നാവികരുടെ മോചനത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് നോർക്ക ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാൽ, ഇതുവരെ ഫലപ്രദമായ നയതന്ത്ര ഇടപെടൽ ഉണ്ടായിട്ടില്ല. വിജിത്തിന്റെ ഫോൺവിളി നിലച്ചിട്ട് ആറുദിവസമായെന്ന് ത്രിവിക്രമൻനായർ തുടർന്നു.
വീട്ടുകാരുമായി ഇംഗ്ലീഷിൽ രണ്ടുമിനിട്ട് സംസാരിക്കാൻ നൈജീരിയൻ സേന നേരത്തെ അനുവദിച്ചിരുന്നു. കപ്പലിലുള്ളവരുടെ ലാപ്ടോപ്പും സേന കൈക്കലാക്കി. ചൊവ്വാഴ്ച രാവിലെ എ എ റഹിം എംപി വിളിച്ചിരുന്നു. വിഷയം കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായി ദീർഘനേരം സംസാരിച്ചതായും എംബസിയുടെ ഇടപെടൽ ശക്തമാക്കിയെന്ന് പറഞ്ഞതായും എ എ റഹിം അറിയിച്ചു. നൈജീരിയക്ക് കൈമാറിയശേഷം വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കപ്പലിലെ ചീഫ് ഓഫീസർ സനു ജോസിന്റെ ഭാര്യ മെറ്റിൽഡ പറഞ്ഞു. വിദേശ മന്ത്രാലയത്തിൽനിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.