ദോഹ
ആൻഡ്രിയാസ് നോപ്പെർക്ക് സെനെഗലിനെതിരായ മത്സരം ഉയർത്തെഴുന്നേൽപ്പിന്റേതായിരുന്നു. ഏത് മനുഷ്യനും വീണുപോകുന്ന വഴിയിലൂടെ കടന്നുവന്ന് നെതർലൻഡ്സിന്റെ വിജയനായകനായി ഈ ഗോൾകീപ്പർ. എട്ടരവർഷത്തിനുശേഷം ലോകകപ്പിൽ മടങ്ങിയെത്തിയ ഡച്ചുകാർക്ക് വിജയമധുരം സമ്മാനിച്ചത് നോപ്പെറാണ്. ഗോളെന്നുറച്ച നാല് ഷോട്ടുകളാണ് ഓറഞ്ചു കുപ്പായത്തിലെ അരങ്ങേറ്റത്തിൽ ഈ ഇരുപത്തെട്ടുകാരൻ തടഞ്ഞത്.
പ്രതിസന്ധികളിൽ തളരാത്ത ഏതൊരു മനുഷ്യനും മാതൃകയാണ് നോപ്പെർ. കളത്തിൽ തിരിച്ചടികളുടെ കാലം മാത്രമുണ്ടായിരുന്നു. ഡച്ച് ക്ലബ് ഹീരെൻവീനിൽ പകരക്കാരുടെ ബെഞ്ചിലിരുന്നാണ് നോപ്പെർ തുടങ്ങിയത്. എൻഎസി ബ്രെഡയിലും അവസ്ഥ മാറിയില്ല. 2014 മുതൽ നാല് വർഷം ആകെ കളിച്ചത് ആറുകളി. 2018ൽ ഇറ്റലിയിലേക്ക് ചുവടുമാറി. രണ്ടാംഡിവിഷൻ ക്ലബ് ഫൊഗ്ഗിയിൽ. ടീം തരംതാഴ്ന്നതോടെ ആ പ്രതീക്ഷയും അവസാനിച്ചു. അതോടെ തിരികെ ജന്മനാട്ടിലേക്ക്. എഫ്സി ഡോർഡ്രെക്റ്റിനൊപ്പം ചേർന്നെങ്കിലും നിരാശ മാറിയില്ല. സീസണവാസനം കരാർ റദ്ദാക്കി. പങ്കാളി ഉൾപ്പെടെ കളി മതിയാക്കി പൊലീസിൽ ചേരാൻ ഉപദേശിച്ചു. എന്നാൽ, നോപ്പെർ തോൽക്കാൻ ഒരുക്കമല്ലായിരുന്നു. ജിഎ ഈഗിൾസിന്റെ കൂടാരത്തിലേക്ക്. അവിടെ അവസരങ്ങൾ തേടിയെത്തി. ഗോൾവലയ്ക്കുകീഴിൽ മിന്നുന്ന നോപ്പെറെ പഴയ ടീം ഹീരെവീൻ നോട്ടമിട്ടു.
വീണ്ടും ആദ്യതട്ടകത്തിലേക്ക്. തകർപ്പൻ പ്രകടനമായിരുന്നു സീസൺ മുഴുവൻ. ഇതോടെ സെപ്തംബറിൽ നെതർലൻഡ്സ് കൂപ്പായത്തിലേക്കുള്ള വിളിയെത്തി. മുപ്പത്തൊമ്പതുകാരൻ റെംകോ പസ്വീറാകും ഒന്നാംഗോളിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ചാണക്യൻ ലൂയിസ് വാൻഗാലിന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. വിശ്വവേദിയിൽ നോപ്പെറിന് സ്വപ്നതുല്യമായ അരങ്ങേറ്റം. പ്രതീക്ഷകൾ തെറ്റിയില്ല. വലയ്ക്കുമുന്നിൽ കോട്ട കെട്ടി സെനെഗലിനെ തടഞ്ഞു. ഖത്തറിലെ ഏറ്റവും ഉയരുമുള്ള താരംകൂടിയാണ്. ആറടി എട്ടിഞ്ചാണ് ഉയരം.