ആകാശനീലയും വെളുപ്പും അലിഞ്ഞുചേർന്ന പത്താംനമ്പർ കുപ്പായത്തിൽ അവർ വിതുമ്പി. അർജന്റീന ആരാധകർക്ക് വിശ്വസിക്കാനാകാത്ത തോൽവി. ലുസെയ്ൽ സ്റ്റേഡിയത്തിലേക്ക് ആടിപ്പാടി വന്നവർ മിണ്ടാതെ മടങ്ങി. കളത്തിൽ മാത്രമായിരുന്നില്ല വഴിയിൽ, തെരുവിൽ, മെട്രോയിൽ, ബസിൽ, ഗ്യാലറിയിൽ എല്ലാം പത്താംനമ്പറുകാരുണ്ടായിരുന്നു. മടക്കയാത്രയിൽ അവരെല്ലാം നിശബ്ദരായി.
സ്റ്റേഡിയത്തിലേക്കുള്ള യാത്രയിൽ ‘മെസി ജേഴ്സി’യിൽ എല്ലാവരും നിറഞ്ഞ സന്തോഷത്തിലായിരുന്നു. സൗദി അറേബ്യക്കെതിരെ മികച്ച വിജയം ഉറപ്പിച്ചതാണ്. മെസിക്കുപ്പായത്തിൽ പാട്ടുപാടിയും ജേഴ്സി അണിഞ്ഞും പതാക പുതച്ചും അർജന്റീനയുടെ കളി കാണാൻ പുറപ്പെട്ടവർ.
മലപ്പുറത്തുകാരൻ നാസറും ഈജിപ്തിലെ ഹുസൈൻ മക്തയും അർജന്റീനയിൽനിന്നുള്ള ഫിലിപ് മാർട്ടിനസും ഒരുമിച്ച നിമിഷം. ഒപ്പംകൂടാൻ ഫ്രാൻസിൽനിന്നുള്ള എമിലിയും നൈജീരിയക്കാരി സുറാഫ വജിറ്റോയും. ജാതിയും മതവുമില്ല. നാടിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ അവർ കൊട്ടിപ്പാടി അർജന്റീന …. അർജന്റീന..
സ്റ്റേഡിയത്തിലേക്ക് ചെറുസംഘങ്ങൾ. മലയാളികളുടെ കൂട്ടായ്മയുണ്ട്. ലാറ്റിനമേരിക്കയിൽനിന്നുള്ള ആരാധകസംഘമുണ്ട്. എല്ലാവർക്കും മെസിയെ കാണണം, അർജന്റീനയ്ക്കായി ആർത്തുവിളിക്കണം. 80,000 പേർ നിറഞ്ഞ സ്റ്റേഡിയത്തിൽ മുക്കാൽപങ്കും അർജന്റീനക്കാരായിരുന്നു. തുടക്കത്തിൽ മെസി ഗോളടിച്ചതോടെ ആവേശം ഇരട്ടിയായി. പാട്ടും കൊട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ ഇടവേളയായി.
സമനില ഗോൾ നേടിയതോടെ സ്റ്റേഡിയത്തിലെ സൗദി ആരാധകരും ആവേശത്തിലായി. അവരും പാട്ടും ആർപ്പുവിളിയുമായി നിറഞ്ഞു. തൊട്ടുപിന്നാലെ രണ്ടാംഗോൾ. ഇക്കുറി അർജന്റീന ആരാധകർ അവിശ്വസനീയതോടെ തലയിൽ കൈവച്ചു. സൗദി ആഘോഷം തുടങ്ങി.