ഹൈദരാബാദ്> തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ‘ഓപ്പറേഷൻ താമര’ പദ്ധതിക്കായി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവർക്കും തെലങ്കാന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടീസ് അയച്ചിട്ടുണ്ട്.
തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) എംഎൽഎമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്ന് എംഎൽഎമാർക്ക് തുഷാർ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.
കേന്ദ്രമന്ത്രി അമിത്ഷായുടെ നോമിനിയായി തുഷാർ വെള്ളാപ്പള്ളിയാണ് 100 കോടിവീതം വാഗ്ദാനം ചെയ്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എട്ട് ബിജെപി ഇതര സംസ്ഥാനങ്ങളിൽ സമാന ഭരണ അട്ടിമറി നടത്തിയെന്ന് ഏജന്റുമാർ അവകാശപ്പെടുന്നത് പുറത്തുവന്ന സംഭാഷണത്തിൽ വ്യക്തമാണ്. എങ്ങനെയാണ് അത് ആസൂത്രണം ചെയ്തതെന്നും വിവരിക്കുന്നു. നിലവിൽ തെലങ്കാന, ഡൽഹി, ആന്ധ്രപ്രദേശ്, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാനാണ് നീക്കമെന്നും ഇവർ അവകാശപ്പെടുന്നു. മുഴുവൻ അട്ടിമറി ഓപ്പറേഷനുകൾക്കു പിന്നിലും ഇതേ സഖ്യമാണ് പ്രവർത്തിച്ചതെന്നും തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കെസിആർ ആരോപിച്ചു.