ന്യൂഡൽഹി
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡോ. റിജി ജോൺ നൽകിയ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാർ, ചാൻസലർ, രജിസ്ട്രാർ, സെർച്ച് കമ്മിറ്റി തുടങ്ങിയവർക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നല്കണം. മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹർജി തീർപ്പാക്കാമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ഇപ്പോൾ സ്റ്റേ ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് ഹിമാകോഹ്ലികൂടി അംഗമായ ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കുംവരെ വിസി സ്ഥാനത്ത് സ്ഥിരം നിയമനം നടത്തരുതെന്ന് നിർദേശിക്കണമെന്ന് റിജി ജോണിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. പുതിയ നിയമനം നടന്നാലും ഹൈക്കോടതി വിധി റദ്ദാക്കിയാൽ റിജി ജോണിന് വിസിയായി തുടരാമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കുഫോസ് വിസി നിയമനഅധികാരം സംസ്ഥാന സർക്കാരിനാണെന്ന വാദമാണ് റിജി ജോൺ ഉന്നയിച്ചത്. കാർഷിക സർവകലാശാലകൾ യുജിസി റെഗുലേഷന്റെ പ്രയോഗപരിധിക്ക് പുറത്തായതിനാൽ നിയമനങ്ങൾ സർവകലാശാല നിയമപ്രകാരമാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്ന വാദത്തെ സംസ്ഥാന സർക്കാര് അഭിഭാഷകൻ കെ കെ വേണുഗോപാൽ പിന്തുണച്ചു.