ഷ്വാർട്സ് ഹെൻറി ആൽബർട്ട് ക്യാമറയിലൂടെ ലോകകപ്പ് കാണാൻ തുടങ്ങിയിട്ട് 40 വർഷമായി. 1982ലെ സ്പെയ്ൻ ലോകകപ്പുമുതൽ കാഴ്ചകൾ പകർത്തി ഈ ഫ്രഞ്ചുകാരനുണ്ട്. എഴുപത്തഞ്ചുകാരന് ഇക്കുറി തുടർച്ചയായി പതിനൊന്നാം ലോകകപ്പ്.
ഷ്വാർട്സിന്റെ ക്യാമറയിലൂടെ പോളോ റോസിയും സീക്കോയും മാറഡോണയും ലോകത്തിന്റെ കാഴ്ചകളായി. മാറഡോണയുടെ ലോകകപ്പ് വിജയം പകർത്തി. ഏഷ്യാ വൻകരയുടെ ആദ്യ ലോകകപ്പിന് സാക്ഷിയായി. ദക്ഷിണാഫ്രിക്കയുടെ ചരിത്രപരമായ ലോകകപ്പിൽ ക്യാമറയേന്തി. ബ്രസീലിന്റെ വിജയവും ദുരന്തവും ചിത്രങ്ങളായി. ജർമൻ ആധിപത്യവും സ്പാനിഷ് ടികി ടാക സൗന്ദര്യവും കണ്ടു. റഷ്യയിൽ ക്രൊയേഷ്യയുടെ കുതിപ്പും സ്വന്തം നാടായ ഫ്രാൻസിന്റെ വിജയനിമിഷങ്ങളും ഒപ്പിയെടുത്തു.
എണ്ണിയാൽ തീരാത്ത ഫോട്ടോകൾക്കിടയിലും ഷ്വാർട്സിന് നൊമ്പരമായി ഒരു പതിയാത്ത ചിത്രമുണ്ട്. 1986 ലോകകപ്പിലെ മാറഡോണയുടെ ‘ദൈവത്തിന്റെ കൈ ഗോൾ’. ആ ഫോട്ടോ കിട്ടാതിരുന്നത് ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു വേദനയായി നിൽക്കും. ‘എല്ലാം ഒരു നിമിഷംകൊണ്ടു കഴിഞ്ഞു. ഞാൻ മറുഭാഗത്തായിരുന്നു. എനിക്ക് ആ ഫ്രെയിം ഒരിക്കലും കിട്ടില്ല. ആ സെക്കൻഡിൽ അതിന്റെ ഗൗരവവും ആഴവും മനസ്സിലായില്ല. പിന്നീടാണ് അതൊരു എക്കാലത്തേയും ജീവിതചിത്രമായി മാറിയത് ‘.
ഇതേക്കുറിച്ച് പറയുമ്പോൾ ഷ്വാർട്സിനെ തത്വജ്ഞാനിയെപ്പോലെ തോന്നിച്ചു.’ ഫോട്ടോഗ്രഫിയും ജീവിതംപോലെയാണ്. എല്ലാവർക്കും എല്ലാ ഫ്രെയിമും കിട്ടില്ല. ഞാനത് മിസ് ചെയ്തു. അതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ, നിരാശ മാറ്റി വീണ്ടും ലോകകപ്പുകളിൽ അപൂർവപടങ്ങൾ തേടുന്നു’.
നാലുപതിറ്റാണ്ടിനിടെ കാലവും ലോകവും മാറിയെങ്കിലും ലോകകപ്പിന്റെ അന്തരീക്ഷത്തിന് മാറ്റമില്ല. ഫോട്ടോഗ്രഫിയിൽ വിപ്ലവകരമായ മാറ്റം വന്നു. സാങ്കേതികവിദ്യയുടെ വളർച്ച സങ്കൽപ്പത്തിന് അപ്പുറത്തേക്ക് വളർന്നു. മുമ്പ് ഫോട്ടോ എടുത്താൽ ലാബിൽ പോയി പ്രിന്റ് എടുക്കണം. വിമാനത്താവളത്തിലേക്ക് ഓടണം. ഫോട്ടോ പിറ്റേന്നുമാത്രമേ വെളിച്ചം കാണൂ. ഇന്ന് ഒറ്റ ക്ലിക്കിൽ ഫോട്ടോ ലോകത്ത് എവിടെയും എത്തിക്കാം. ഇരുപത്തഞ്ചാം വയസ്സിലാണ് ക്യാമറയെടുത്തത്. ഫോട്ടോഗ്രഫി പഠിച്ചിട്ടില്ല. ഫോട്ടോ എടുക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാകുന്നു. ഇക്കുറി ഫ്രാൻസിലെയും അമേരിക്കയിലെയും രണ്ട് ഫോട്ടോ ഏജൻസികൾക്കായാണ് ഖത്തറിൽ എത്തിയത്. കൈയിലുള്ളത് സെക്കൻഡിൽ 15 ഫോട്ടോകൾ വിരിയുന്ന Canon R3 ക്യാമറ. വില നാല് ലക്ഷത്തിന് പുറത്ത്.
നാല് വർഷത്തിനുശേഷം അമേരിക്ക, ക്യാനഡ മെക്സിക്കോ ആതിഥേയരാകുമ്പോഴും ക്യാമറയുമായി ഉണ്ടാകുമെന്ന് ഷ്വാർട്സിന് ആത്മവിശ്വാസം. അപ്പോഴേക്കും പ്രായം 79 ആകും. ഇത്രകാലത്തിനിടെ 1986ലെ മെക്സിക്കോ ലോകകപ്പാണ് ഇഷ്ടം. മികച്ച സംഘാടനവും ഗംഭീര കളികളും. പ്രായം തളർത്താത്ത ഈ ഫോട്ടോഗ്രാഫർക്ക് വീണ്ടും നല്ല മെക്സിക്കോകാലം ആശംസിക്കാം.