ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ ആരോപണവിധേയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് “നയതന്ത്ര പരിരക്ഷ’ നൽകിയിരുന്നെന്ന് അമേരിക്ക. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മൊഹമ്മദ് ബിൻ സൽമാന് നൽകുന്നതിനു സമാനമായ പരിരക്ഷ മോദിക്കും നൽകിയിരുന്നെന്ന് യുഎസ് അഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. കൊലപാതകത്തില്‍ വിചാരണ നേരിടുന്നതില്‍ നിന്നും സൗദി കിരീടാവകാശിക്ക് സംരക്ഷണം നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോദി മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന ഗുജറാത്ത് വംശഹത്യ തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചില്ലെന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്ക 2005ൽ അദ്ദേഹത്തിന് വിസ നിരോധനം ഏർപ്പെടുത്തി. 2014ൽ മോദി പ്രധാനമന്ത്രിയായശേഷം അമേരിക്ക വിലക്ക് പിൻവലിച്ചു. 1993-ൽ ഹെയ്തി പ്രസിഡന്റ് അരിസ്റ്റിഡ്, 2001ൽ സിംബാബ്വെ പ്രസിഡന്റ് റോബർട്ട് മുഗാബെ തുടങ്ങിയവർക്ക് പരിരക്ഷ നൽകിയെന്നും വേദാന്ത് പട്ടേൽ പറഞ്ഞു.