ശബരിമല
സമാധാന അന്തരീക്ഷത്തിൽ, പരാതികളില്ലാതെ ഇക്കുറി മല കയറിയെത്തിയത് രണ്ടുലക്ഷത്തോളം തീർഥാടകർ. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന്റെ ആദ്യ നാലുദിനമാണ് രണ്ടുലക്ഷത്തോളം തീർഥാടകർ ദർശനത്തിനെത്തിയത്. ശനി, ഞായർ അവധി ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് കൂടുമെന്നാണ് കരുതുന്നത്.നടതുറന്ന 16ന് 26,378 പേർ ബുക്കുചെയ്ത ദർശനത്തിനെത്തി. സ്പോട്ട് ബുക്കിങ്ങുകൂടി പരിഗണിച്ചാൽ 30,000 കവിയും. 17നും 18നും വെർച്വൽ ക്യൂവിലൂടെ ബുക്കുചെയ്ത 50,000ലധികംപേർ ദർശനത്തിനെത്തി. 19ന് 72,000പേരെത്തി. അമ്പതിനായിരത്തോളം ഉച്ചയ്ക്കുമുമ്പേ സന്നിധാനത്തെത്തി. ദർശനസമയം നീട്ടിയത് തീർഥാടകർക്ക് ആശ്വാസമായി.
മികവുറ്റസൗകര്യമൊരുക്കി ദേവസ്വം ബോർഡും സർക്കാരും
പമ്പമുതൽ സന്നിധാനംവരെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ടുദിവസത്തിലൊരിക്കൽ യോഗം ചേരും. തീർഥാടകരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ പ്രത്യേക മെയിൽ ഐഡി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പരാതികളും നിർദ്ദേശങ്ങളും മന്ത്രി നേരിട്ട് പരിശോധിച്ച് പരിഹരിക്കും. മലകയറുന്നവർക്ക് സൗജന്യ ഔഷധകുടിവെള്ളം, ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വൈദ്യസഹായം, അലോപതി, ആയുർവേദം, ഹോമിയോ ചികിത്സകൾ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസ് സൗകര്യവുമുണ്ട്.
ശുചിത്വത്തിന് പ്രശംസ
ശബരിമലയിലെ ശുചിത്വ പ്രവർത്തനങ്ങളെ ഇരുകൈയുംനീട്ടിയാണ് തീർഥാടകർ സ്വീകരിക്കുന്നത്. പുണ്യം പൂങ്കാവനം പദ്ധതിപ്രകാരമുള്ള ശുചീകരണവും ദേവസ്വം വകുപ്പിന്റെ “പവിത്രം ശബരിമല’ പദ്ധതിയും വിജയകരമായി.
സൗജന്യ ഭക്ഷണവും വെള്ളവും
ദേവസ്വം അന്നദാനശാലകളിലൂടെ ദിവസം 30,000 പേർക്കുവരെ സൗജന്യ ഭക്ഷണം ലഭ്യമാക്കും. ശുചീകരണ പ്ലാന്റുകളിൽനിന്നുള്ള കുടിവെള്ള വിതരണത്തിനായി 179 ടാപ്പുകളുണ്ട്. പമ്പയിൽനിന്നുതന്നെ 200 രൂപ നിക്ഷേപം ഈടാക്കി സ്റ്റീൽ ബോട്ടിലുകളിൽ ഔഷധവെള്ളം നൽകുന്നുണ്ട്. തിരികെയെത്തി ബോട്ടിൽ മടക്കിനൽകുമ്പോൾ തുക കൈമാറും. ചുക്ക്, പതിമുഖം, രാമച്ചം തുടങ്ങിയവചേർത്താണ് ഔഷധവെള്ളം തയ്യാറാക്കുന്നത്. യാത്രയ്ക്കിടെ വെള്ളം നിറയ്ക്കാൻ 15 കേന്ദ്രങ്ങളും സജ്ജമാണ്.
വിശ്രമത്തിന് 550 മുറികൾ
തീർഥാടകർക്കായി 550 മുറികൾ സന്നിധാനത്ത് ലഭ്യമാണ്. 104 എണ്ണം ഓൺലൈനിൽ ബുക്കുചെയ്യാം. ഒരേസമയം 17,000 പേർക്ക് വിരിവയ്ക്കാൻ സൗകര്യവുമുണ്ട്. പാണ്ടിത്താവളം മാഗുണ്ട, വലിയ നടപ്പന്തൽ താഴെയും മുകളിലും മാളികപ്പുറത്ത് റൂഫ്ടോപ്പ് പ്രദേശം, മരാമത്ത് ഓഫീസിനുമുന്നിലെ ഇന്റർലോക്ക് പാകിയ മൂന്നങ്കണങ്ങൾ, അക്കൊമഡേഷൻ ഓഫീസിലെ ഇന്റർലോക്ക് പാകിയ മൂന്നങ്കണങ്ങൾ എന്നിവടങ്ങളിൽ വിരിവയ്ക്കാം. സന്നിധാനത്തെ 1005 ശുചിമുറികളിൽ 885 എണ്ണം സൗജന്യമായി ഉപയോഗിക്കാം. എല്ലാ ബ്ലോക്കുകളിലും ഓരോ ശുചിമുറിവീതം ശിശു, ഭിന്നശേഷി സൗഹൃദമാണ്.
എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് : തന്ത്രി കണ്ഠര് രാജീവര്
തീർഥാടകർക്ക് സുഗമമായ ദർശനത്തിന് എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. രാജ്യത്തിന്റെ പലഭാഗത്തുനിന്ന് തീർഥാടകർ ശബരിമലയിലെത്തുന്നുണ്ട്. ഇവർ നിർദേശങ്ങൾ കർശനമായി പാലിക്കണം. പ്ലാസ്റ്റിക് കൊണ്ടുവരരുത്, മാലിന്യങ്ങൾ വലിച്ചെറിയരുത്. പമ്പയിൽ തുണി ഒഴുക്കുന്നത്, മാളികപുറത്ത് മഞ്ഞൾപൊടി വിതറുന്നത് അടക്കമുള്ള അനാചരങ്ങൾ ഒഴിവാക്കണം. ഇരുമുടിക്കെട്ടിൽ ആവശ്യമായ സാധനങ്ങൾമാത്രം കൊണ്ടുവരിക. പനിനീര്, ചന്ദനത്തിരി മുതലായവ ഇരുമുടിക്കെട്ടിൽനിന്ന് ഒഴിവാക്കി ക്ഷേത്ര നിവേദ്യത്തിനുള്ള സാധനങ്ങൾ മാത്രം ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.