ഹൈദരാബാദ്
തെലങ്കാനയിൽ ഭരണം അട്ടിമറിക്കാന്‍ ടിആർഎസ് എംഎൽഎമാരെ കോഴ കൊടുത്ത് കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് റദ്ദാക്കണമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. 21നു രാവിലെ 10.30ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിൽ (എസ്ഐടി) ഹാജരാകണമെന്നും അല്ലാത്തപക്ഷം അറസ്റ്റുചെയ്യുമെന്നും ചൂണ്ടിക്കാട്ടി ബുധനാഴ്ചയാണ് സന്തോഷിന് നോട്ടീസ് അയച്ചത്. ഇത് കൈപ്പറ്റുംവരെ അറസ്റ്റുചെയ്യരുതെന്നും ദില്ലിയിലുള്ള സന്തോഷിന് നോട്ടീസ് കൈമാറാൻ ഡൽഹി പൊലീസിന്റെ സഹായം തേടാനും ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡി എസ്ഐടിയോടു നിർദേശിച്ചു.
കേസിലെ വസ്തുതകളും സാഹചര്യവും കണ്ടെത്തുന്നതിന് സന്തോഷിനെ ചോദ്യംചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് എസ്ഐടി നോട്ടീസിൽ വ്യക്തമാക്കി. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തരുതെന്നും രാജ്യംവിടാൻ ശ്രമിക്കരുതെന്നും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. ഒരു പ്രത്യേക നമ്പർ ഉപയോഗിച്ച മൊബൈൽ ഫോൺ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 26നാണ് ‘ഓപ്പറേഷൻ താമര’ പദ്ധതിക്കായി എത്തിയ മൂന്ന് ഇടനിലക്കാരെ തെലങ്കാന പൊലീസ് അറസ്റ്റുചെയ്തത്. ബിജെപിയിലേക്ക് കൂറുമാറുന്നതിന് 100 കോടിരൂപയായിരുന്നു വാഗ്ദാനം. ഇവരെ അയച്ചത് ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വെളിപ്പെടുത്തി. തെക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബി എൽ സന്തോഷുമായി സംസാരിക്കാൻ അവസരമുണ്ടാക്കാമെന്ന് തുഷാർ എംഎൽഎമാരോട് പറയുന്ന വീഡിയോയും പുറത്തുവന്നു. എസ്ഐടിയോട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നവംബർ 29ന് കൈമാറാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.