ന്യൂഡൽഹി
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ എത്തിയപ്പോള്‍ രാഹുൽ ഗാന്ധി സവർക്കറുടെ മാപ്പപേക്ഷകള്‍ ഉയര്‍ത്തികാട്ടി വിമര്ശമുന്നയിച്ചതില് മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിൽ. ശിവസേന ഉദ്ധവ് താക്കറെ പക്ഷവും കോണ്‍ഗ്രസും മറ്റു പാര്‍ടികളും ഉള്‍പ്പെട്ട ഭരണമുന്നണിയായ മഹാവികാസ് അഖാഡിയുടെ അടിത്തറ തകർക്കുന്ന നടപടിയാണുണ്ടായതെന്ന് സംസ്ഥാന നേതാക്കൾ വിമർശമുന്നയിച്ചു. സവർക്കറുടെ പേരില്‍ വിവാദമുണ്ടാക്കരുതെന്ന് കോൺഗ്രസിന്റെ മൂന്ന് മുതിർന്ന നേതാക്കൾ രാഹുലിനോട് വാര്‍ത്താസമ്മേളനത്തിന് മുമ്പ് അപേക്ഷിച്ചിരുന്നു. അത്തരമൊരുനീക്കമുണ്ടായല് ഉദ്ധവ് താക്കറെ പക്ഷം ഇടയുമെന്ന ഭീതിയും പങ്കുവച്ചു. എന്നാൽ, രാഹുൽ വഴങ്ങിയില്ല.
രാഹുലിന്റെ സവർക്കർ വിമർശത്തോട് വിയോജിച്ച് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും രംഗത്തെത്തി. രാഹുൽ പങ്കെടുത്ത യോഗത്തിൽ ഉദ്ധവ് താക്കറെ വിട്ടുനിന്നു. വിവാദമായതോടെ നിലപാട് മയപ്പെടുത്തി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. സവർക്കറിനെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ കരുതിക്കൂട്ടി അവഹേളിക്കാൻ ശ്രമമുണ്ടായിട്ടില്ലെന്ന് ജയ്റാം രമേശ് പ്രതികരിച്ചു.
ഭാരത് ജോഡോ യാത്രയിൽ മഹാവികാസ് അഖാഡിയെ പ്രതിനിധീകരിച്ച് ശിവസേനയിൽനിന്ന് ആദിത്യ താക്കറെയും എൻസിപിയിൽനിന്ന് സുപ്രിയ സുലെയും പങ്കെടുത്തിരുന്നു.രാഹുലിന്റെ സവർക്കർ വിമർശം ഉദ്ധവ് താക്കറെ പക്ഷത്തെ വേട്ടയാടാന്‍ ബിജെപിക്ക് പുതിയ ആയുധമായിരിക്കുയാണ്.