ഐക്യരാഷ്ട്ര കേന്ദ്രം
യുഎൻ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിന് പിന്തുണ ആവർത്തിച്ച് ഫ്രാൻസ്. ഇന്ത്യക്ക് പിന്തുണ നൽകുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിപുലീകരിച്ച യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കാൻ പിന്തുണയ്ക്കുമെന്ന് യുഎന്നിലെ ഫ്രാൻസിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി നതാലി ബ്രോഡ്ഹർസ്റ്റ് പറഞ്ഞു. യുഎൻ പൊതുസഭ പ്ലീനറി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ഥിരാംഗത്വത്തിന് ഇന്ത്യ, ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് പിന്തുണ നൽകുമെന്ന് യുകെ അംബാസഡർ ബാർബറ വുഡ്വാർഡ് പറഞ്ഞു. യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചത്.
പതിനഞ്ച് രാഷ്ട്രമുള്ള കൗൺസിലിൽ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. കൗൺസിലിലെ അംഗത്വം 25 വരെയാകാം. 15 അംഗ കൗൺസിലിൽ ഇന്ത്യയുടെ രണ്ടു വർഷ അധ്യക്ഷ കാലാവധി അടുത്ത മാസം അവസാനിക്കും.