മുത്തുവാരാൻ പോയവരാണ് ഖത്തറുകാരുടെ പൂർവികർ. ഇന്ന് അൽഖോറിലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ മുത്തുതേടി ഖത്തറിനൊപ്പം ഇക്വഡോറും ഇറങ്ങുന്നു. ആരുടെ തോണിയിൽ ഗോൾമുത്തുകൾ നിറയുമെന്ന് കണ്ടറിയാം. ആ കാഴ്ചയ്ക്ക് ഇന്ത്യൻ സമയം രാത്രി 9.30നാണ് തുടക്കം.
കളിയുടെ മഹാവേദിയിൽ കന്നിക്കാരാണ് ഖത്തർ. ഇക്വഡോർ ലാറ്റിനമേരിക്കയുടെ വലിയ പാരമ്പര്യത്തിൽനിന്ന് എത്തുന്നു. ഇവിടെ സാധ്യതകളില്ല. ബലാബലത്തിലെ മുൻതൂക്കമില്ല. എല്ലാം കളിക്കളത്തിലെ 90 മിനിറ്റിനിടയിൽ വിരിയുന്ന നിമിഷങ്ങൾ തീരുമാനിക്കും. അടിതെറ്റിയ വമ്പൻമാരും അത്ഭുതപ്പെടുത്തിയ ചെറുമീനുകളും ഉൾപ്പെട്ടതാണ് ലോകകപ്പിന്റെ സൗന്ദര്യവും ആവേശവും.
ഖത്തറിന് ആതിഥേയരുടെ കുപ്പായമുണ്ട്. അവർ കിനാവുകണ്ട സ്വപ്നരാത്രികളാണ് മിഴിതുറക്കുന്നത്. കളിക്കാരിൽ ആരെയും കീഴടക്കാനുള്ള ആവേശവുമുണ്ട്. മുന്നേറ്റക്കാരൻ അൽമോസ് അലിയിലാണ് അവരുടെ പ്രതീക്ഷകൾ. മൂന്നുവർഷംമുമ്പ് അലിയുടെ ചിറകിൽ അവർ ഏഷ്യൻ ചാമ്പ്യന്മാരായി. ഏഴ് കളിയിൽ അടിച്ചുകൂട്ടിയത് ഒമ്പത് ഗോൾ.
ഇക്വഡോർ ലാറ്റിനമേരിക്കൻ മേഖലയിൽ ബ്രസീൽ, അർജന്റീന, ഉറുഗ്വേ ടീമുകൾക്ക് പിന്നിലായി ലോകകപ്പിന് ടിക്കറ്റെടുത്തു. വമ്പന്മാരായ കൊളംബിയയെയും ചിലിയെയും പിന്നിലാക്കിയാണ് എത്തുന്നത്. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്നാണ് ഇക്വഡോറിനെ വിലയിരുത്തുന്നത്. ക്യാപ്റ്റൻ എന്നെർ വലെൻഷ്യയാണ് ശക്തി. യുവതാരം ഗൊൺസാലോ പ്ലാറ്റയും പ്രതീക്ഷയാണ്. ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന മോയ്സെസ് കയ്സെദോ, പെർവിസ് എസ്തുപിനാൻ എന്നിവരും ഇക്വഡോറിനെ കരുത്തരാക്കുന്നു.
ഉദ്ഘാടനദിവസംമാത്രമാണ് ഒരു മത്സരം. നാളെമുതൽ കളംനിറയും. മൂന്ന് മത്സരങ്ങളാണ്. ഇംഗ്ലണ്ട് ഇറാനെയും (വൈകിട്ട് 6.30) സെനെഗൽ നെതർലൻഡ്സിനെയും (രാത്രി 9.30) നേരിടും. രാത്രി 12.30ന് അമേരിക്ക–-വെയ്ൽസ് പോരാട്ടം. തുടർന്ന് പ്രീക്വാർട്ടർവരെ എല്ലാദിവസവും നാല് കളികൾ. ആദ്യകളി പകൽ മൂന്നരയ്ക്കാണ്. തുടർന്ന് വൈകിട്ട് 6.30, രാത്രി 9.30, രാത്രി 12.30 ക്രമത്തിലാണ് കളികൾ. അവസാന ഗ്രൂപ്പ് മത്സരങ്ങളും പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും രാത്രി എട്ടരയ്ക്കും 12.30നും. പ്രീക്വാർട്ടർ ഡിസംബർ മൂന്നുമുതൽ ആറുവരെയാണ്. ക്വാർട്ടർ ഒമ്പതിനും പത്തിനും. 13, 14 തീയതികളിലാണ് സെമി. ലൂസേഴ്സ് ഫൈനൽ 17നും ഫൈനൽ 18നും നടക്കും. സെമിമുതലുള്ള കളി രാത്രി എട്ടരയ്ക്കാണ്.
മുപ്പത്തിരണ്ട് ടീമുകൾ എട്ട് ഗ്രൂപ്പുകളിലാണ്. ആദ്യ രണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലേക്ക് മുന്നേറും. റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ ഫ്രാൻസായിരുന്നു ജേതാക്കൾ. കഴിഞ്ഞ 21 ലോകകപ്പുകളിലായി എട്ട് ടീമുകൾമാത്രമാണ് കിരീടം നേടിയത്. ബ്രസീലാണ് മുന്നിൽ –-അഞ്ചുതവണ. ഇറ്റലിയും ജർമനിയും നാലുതവണവീതം. തുടർച്ചയായി രണ്ടാംതവണയും ഇറ്റലിക്ക് യോഗ്യത നേടാനായില്ല. അർജന്റീനയും ഫ്രാൻസും ഉറുഗ്വേയും രണ്ടുതവണവീതം ചാമ്പ്യന്മാരായി. ഇംഗ്ലണ്ടിനും സ്പെയ്നിനും ഒരിക്കൽമാത്രമാണ് സൗഭാഗ്യമുണ്ടായത്.
ഖത്തർ
ആതിഥേയരായ ഖത്തറിന്റെ കന്നി ലോകകപ്പാണിത്.
ഇക്വഡോർ
2002, 2006, 2014 ലോകകപ്പുകളിൽ പ്രാതിനിധ്യം അറിയിച്ചെങ്കിലും രണ്ടുതവണയും ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോയില്ല. 2006ൽ പ്രീക്വാർട്ടറിലെത്തിയതാണ് മികച്ച പ്രകടനം. ലോകകപ്പിൽ ആകെ 10 മത്സരം കളിച്ചു. നാല് ജയവും ഒരു സമനിലയും നേടിയപ്പോൾ അഞ്ച് കളികളിൽ പരാജയപ്പെട്ടു.