കെയ്റോ
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വികസ്വര രാഷ്ട്രങ്ങൾക്കായി നഷ്ടപരിഹാരനിധി രൂപീകരിക്കാന്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ ഏകദേശ ധാരണ. ഹരിതഗൃഹഹവാതകങ്ങൾ വൻതോതിൽ പുറന്തള്ളുന്ന വികസിത രാഷ്ട്രങ്ങൾ ദരിദ്രരാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയോട് പല സമ്പന്ന രാജ്യങ്ങളും യോജിച്ചിട്ടില്ല. ഏകാഭിപ്രായത്തിൽ എത്താനാകാത്തതിനാൽ വെള്ളിയാഴ്ച സമാപിക്കേണ്ട ഉച്ചകോടി ഒരു ദിവസത്തേക്കുകൂടി നീട്ടുകയായിരുന്നു. ഉച്ചകോടിയുടെ അവസാനഘട്ടംവരെ ഇതുസംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു. നഷ്ടപരിഹാരനിധി സംബന്ധിച്ച തീരുമാനം യുഎഇയിൽ നടക്കുന്ന അടുത്ത ഉച്ചകോടിയിലേക്ക് മാറ്റണമെന്ന അഭിപ്രായം ഉയർന്നെങ്കിലും നിരവധി രാജ്യങ്ങൾ എതിർത്തു. നഷ്ടപരിഹാരനിധിക്ക് ഏകദേശ ധാരണയായതായി യൂറോപ്യൻ യൂണിയൻ വൃത്തങ്ങളാണ് വ്യക്തമാക്കിയത്.
ചർച്ചയിൽ ന്യായമായ കരാറിലെത്താനാകുന്നില്ലെങ്കിൽ പുറത്തുപോകാൻ തയ്യാറാണെന്ന് സ്പെയിൻ പരിസ്ഥിതി മന്ത്രി തെരേസ റിബെറ പരസ്യ പ്രതികരണം നടത്തി. ‘വ്യവസായവൽക്കരണത്തിനു മുമ്പുള്ള ആഗോള താപനിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുക’ എന്ന ലക്ഷ്യത്തിൽനിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് ക്യാനഡ, ന്യൂസിലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങൾ നിലപാടെടുത്തു. കഴിഞ്ഞ ഗ്ലാസ്ഗോ ഉച്ചകോടിയിലും ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു. കൃത്യമായ തീരുമാനങ്ങൾ എടുക്കാതെ-യും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതിനുമെതിരെ ഇത്തവണയും പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.