ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനുമുന്നിൽനിന്ന് മലപ്പുറത്തുകാരനായ അനസ് ഇംഗ്ലീഷ് പതാക വീശി. കൂട്ടുകാർ ഡ്രം മുഴക്കി. ആരവം ഉയർന്നു. ഇംഗ്ലണ്ട് ടീമിന് അഭിവാദ്യമർപ്പിച്ച് ആരാധകസംഘം. പക്ഷേ ഇവരൊന്നും ‘സായിപ്പല്ല’. തനി നാടൻ മലയാളി. ഇംഗ്ലീഷ് മാധ്യമങ്ങൾ ഇവരെ ‘പെയ്ഡ് ഫാൻസ്’ എന്നുവിളിച്ചു. അതായത് പണം വാങ്ങി ആരാധകവേഷം കെട്ടിയവർ. ‘പെയ്ഡ് ആക്ടേഴ്സ്’ വിശേഷണവുമുണ്ട്. പണം വാങ്ങി അഭിനയിക്കുന്നവർ എന്നർഥം.
‘ദ ഗാർഡിയൻ’ പത്രം എഴുതി: ഖത്തർ വിമാന ടിക്കറ്റും താമസവും ഭക്ഷണവും നൽകി വ്യാജ ആരാധകരെ ഇറക്കുന്നു. ലോകകപ്പ് ആവേശം കൊഴുപ്പിക്കലും സമൂഹമാധ്യമങ്ങളിൽ അനുകൂല പോസ്റ്റിടലുമാണ് ഇവരുടെ ജോലി. ഇതേക്കുറിച്ച് ഇംഗ്ലണ്ട് ആരാധകനായ അനസ് പറയുന്നു, ‘ഞങ്ങൾ ഈ പന്തുകളി കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എല്ലാ കളിയും ഉറക്കമൊഴിച്ച് കാണുന്നവരാണ്. നിർഭാഗ്യവശാൽ ഞങ്ങളുടെ രാജ്യമായ ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ല. അപ്പോൾ ഓരോരുത്തരും ഇഷ്ട ടീമുകൾക്കൊപ്പം കൂടുന്നുവെന്നേയുള്ളു. അതിനെ പണം വാങ്ങിയുള്ള ആരാധകരെന്ന് വിശേഷിപ്പിക്കുന്നത് കാര്യമറിയാതെയാണ്’.
ഫുട്ബോൾ ചോരയിലുള്ള മലയാളികളായിരുന്നു ആവേശത്തിൽ മുന്നിൽ. വാട്സാപ് കൂട്ടായ്മയിലൂടെ പലയിടത്തും ആരാധകസംഗമങ്ങൾ നടന്നു. അവയിലെല്ലാം നാട്ടിലുള്ളപോലെ മലയാളികൾ ഇഷ്ട ടീമുകളുടെ ജേഴ്സിയും കൊടികളുമേന്തി അണിനിരന്നു. ഓരോ സംഗമവും ആഘോഷമായിരുന്നു. ദോഹയിലെ വിനോദസഞ്ചാരമേഖലയിൽ നടന്ന കൂട്ടായ്മയിൽ ബ്രസീലിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ് നൂറുകണക്കിന് ആരാധകരുണ്ടായിരുന്നു. അതുകണ്ട ബ്രസീലിൽനിന്നുള്ള ജെമി കാർലോസ് പറഞ്ഞത് ഇത് വിശ്വസിക്കാനാകുന്നില്ലെന്നാണ്.
ലോകകപ്പിന്റെ എല്ലാ രംഗത്തും മലയാളികളുണ്ട്. സ്വന്തം നാട്ടിലെ ഉത്സവമായാണ് കാണുന്നത്. നാട്ടിൽ കളി നടക്കുന്നപോലെയാണ് മലയാളികളുടെ പങ്കാളിത്തമെന്ന് എൻജിനിയറായ എമിൽ അഷ്റഫ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന്റെ ചുമതലയിൽ സജീവമാണ് ഇദ്ദേഹം. തൃശൂർ സ്വദേശി പ്രശാന്ത് മാത്യുവും അലൻ ജോർജ് വർഗീസും ചേർന്ന സംഘം ലോകകപ്പ് പാട്ടിറക്കിയാണ് ഒപ്പം ചേർന്നത്. വൈറലായ ‘ഹയ്യാ മാന’ എന്ന ഗാനം സംവിധാനം ചെയ്തത് പി പി എം ഫിറോസാണ്. 20,000 വളന്റിയർമാരിൽ നല്ലപങ്ക് മലയാളികളാണ്. തൃശൂർ എൻജിനിയറിങ് കോളേജ് ഖത്തർ അലുമ്നി ചാപ്റ്ററായ ക്യുജിഇടിയുടെ 30 പേർ വളന്റിയർ സംഘത്തിന്റെ ഭാഗമാണ്.
മലയാളിയുടെ ഫുട്ബോൾ കമ്പം യൂറോപ്യൻ മാധ്യമങ്ങൾക്ക് എത്രത്തോളം മനസ്സിലായിട്ടുണ്ടെന്നറിയില്ല. ലോകകപ്പ് കാലത്ത് കേരളത്തിലെ തെരുവുകൾ ഇഷ്ട ടീമുകളുടെ പൂരപ്പറമ്പാണല്ലോ. കോഴിക്കോട് പുള്ളാവൂരിലെ പുഴയിൽ കട്ടൗട്ട് ഉയർത്തിയവരെപ്പോലെ ‘കളിപ്രാന്ത്’ ഉള്ളവരാണ് ഖത്തറിലുള്ളതെന്നും അവർക്കറിയില്ലല്ലോ.