മനാമ> സൗദി വിസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന വ്യവസ്ഥയില് നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കി. ഇതോടെ ഇന്ത്യയില് നിന്നുള്ള ലേബര് വിസ സ്റ്റാമ്പിംഗ് കൂടുതല് സുഗമമാകും. മലയാളികള് ഉള്പ്പെടെ ഉദ്യോഗാര്ഥികള്ക്ക് സൗദി തീരുമാനം പ്രയോജനം ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല് ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന് പൗരന്മാരെ പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് (പിസിസി) സമര്പ്പിക്കുന്നതില് നിന്ന് ഒഴിവാക്കാന് തീരുമാനിച്ചതായി ഡല്ഹിയിലെ സൗദി എംബസിയാണ് അറിയിച്ചത്. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന 20 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി ട്വീറ്റ് ചെയ്തു.
സൗദി തീരുമാനത്തെ റിയാദിലെ ഇന്ത്യന് എംബസി സ്വാഗതം ചെയ്തു. തീരുമാനത്തിന് സൗദി സര്ക്കാരിനെ എംബസി നന്ദി അറിയിച്ചു.
കഴിഞ്ഞ ആഗ്സ്ത് 22നാണ് സൗദിയിലേക്ക് പുതിയ തൊഴില് വിസ സ്റ്റാമ്പ് ചെയ്യാന് ഇന്ത്യയില് നിന്നുള്ള പിസിസിയും സമര്പ്പിക്കണമെന്ന് നിബന്ധന നിലവില് വന്നത്. ഡല്ഹിയിലെ സൗദി എംബസി മാസങ്ങള്ക്കുമുന്പേ പിസിസി നിര്ബന്ധമാക്കിയിരുന്നു. ആഗസ്ത് 22ന് മുംബൈയിലെ സൗദി കോണ്സുലേറ്റും പിസിസി നിബന്ധന വെച്ചു.
കേരളം അടക്കം ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് 20- 25 ദിവസത്തിനകം പിസിസി ലഭിച്ചപ്പോള് യുപി അടക്കം ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് രണ്ടും മൂന്നും മാസം എടുത്തു. ഇത് ഇന്ത്യയില് നിന്നുള്ള തൊഴില് വിസ സ്റ്റാമ്പ് ചെയ്യുന്നതില് വലിയ കാലതാമസം വരുത്തി. സൗദിയിലെ പല സ്ഥാപനങ്ങളും ഇന്ത്യന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന് മടിക്കുന്ന അവസ്ഥയായി.
സൗദിയില് നിന്ന് ഫൈനല് എക്സിറ്റില് പോയി പുതിയ വിസയില് തിരിച്ചുവരാനിരുന്നവര്ക്കാണ് പിസിസി നിബന്ധന പ്രതിസന്ധിയായത്. ഇഖാമ വര്ഷങ്ങളായി പുതുക്കാത്തതിനാല് മലയാളികളടക്കം നിരവധി പേരാണ് ഫൈനല് എക്സ്റ്റില് സൗദിയില് നിന്ന് പോകാറ്. ഇവരില് വലിയൊരു ഭാഗവും കമ്പനികളിലും കടകളിലുമൊക്കെ ജോലി ശരിയാക്കി പുതിയ വിസയുമായാണ് നാട്ടിലേക്ക് മടങ്ങാറ്. എന്നാല്, പിസിസി നിബന്ധനകാരണം ഇങ്ങിനെ പോയ പലര്ക്കും യഥാസമയം സൗദിയിലേക്ക് മടങ്ങാനായില്ല. പുതിയ തീരുമാനം ഇത്തരം പ്രതിസന്ധികള്ക്ക് പരിഹാരമാകും.