കവളങ്ങാട്
നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന ലോറി ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ചു.
കൊച്ചി––ധനുഷ്കോടി ദേശീയപാതയിൽ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അഞ്ചാംമൈൽ ആദിവാസി കോളനിക്കുസമീപം മൂന്നുകലുങ്ക് ഭാഗത്ത് ആയുധധാരികളായ നാലുപേരെ കണ്ടതായാണ് ലോറി ഡ്രൈവറുടെ മൊഴി.
ബുധൻ പുലർച്ചെ നാലോടെ പാലക്കാട്ടുനിന്ന് അടിമാലിക്ക് കോഴികളുമായി വരികയായിരുന്ന ലോറി ഡ്രൈവറും സഹായിയുമാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പച്ച യൂണിഫോമിൽ തോക്കുധാരികളായിരുന്നു നാലുപേരും. ഇതാണ് മാവോയിസ്റ്റുകളെന്ന സംശയത്തിന് കാരണം. ഇതോടെ, വനം വകുപ്പ് ഉൾവനത്തിലെ തോണിക്കടവ് മേഖല, ആദിവാസികുടികൾ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തി. ഭക്ഷണത്തിനോ മറ്റാവശ്യങ്ങൾക്കോ അഞ്ചാംമൈൽ ആദിവാസി കോളനിയിൽ ഇവർ എത്തിയതാകാമെന്ന് സംശയിക്കുന്നു.
വനപാലകർ, പൊലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. വാളറ ഡെപ്യൂട്ടി റേഞ്ചർ സിജി മുഹമ്മദിന്റെ നേതൃത്വത്തിൽ ആദിവാസി കുടിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിനോട് ചേർന്നുള്ള വനമേഖല അവസാനിക്കുന്നത് കർണാടകം, തമിഴ്നാട് അതിർത്തിയിലാണ്.