നെടുമ്പാശേരി
മ്യാൻമറിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ ജോലി ചെയ്യിച്ചിരുന്ന മൂന്ന് യുവാക്കൾ നാല് മാസത്തിനുശേഷം തിരിച്ചെത്തി. ആലപ്പുഴ സ്വദേശികളായ ഷിനാജ്, ഹിജാസ്, നിതീഷ് എന്നിവരാണ് വെള്ളിയാഴ്ച നെടുമ്പാശേരിയിലെത്തിയത്. സംഘത്തിലെ മലയാളികളിൽ ചിലർ കഴിഞ്ഞദിവസങ്ങളിൽ എത്തിയിരുന്നു.
തായ്ലൻഡിൽ ഡാറ്റാ എൻട്രി ജോലിക്കായാണ് ചെന്നൈയിലെ ബിജിജെഎൻ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് എന്ന ഏജൻസിമുഖേന ബാങ്കോക്കിൽ പോയത്. അവിടെനിന്ന് ഭീഷണിപ്പെടുത്തി മ്യാൻമറിലെത്തിച്ച് ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. ആലപ്പുഴയിലെ എതാനുംപേർ ഇടനിലക്കാരായി ഏജൻസിക്ക് 1,20,000 രൂപയാണ് ഇതിനായി നൽകിയിരുന്നത്. ബാങ്കോക്കിൽ ഇറങ്ങിയ ഇവരെ തോക്കുചൂണ്ടി കാറിൽക്കയറ്റി മ്യാൻമറിലെത്തിച്ചു.
മ്യാൻമർ തീവ്രവാദികളുടെ സ്വാധീനമേഖലയിൽ ഓൺലൈൻ തട്ടിപ്പ് കമ്പനികളിലാണ് ഇവർക്ക് ജോലി ചെയ്യേണ്ടിവന്നത്. എതിർത്തവരെ വൈദ്യുതാഘാതമേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. 33 ഇന്ത്യക്കാർ അവിടെ ഉണ്ടായിരുന്നു. അപകടം മനസ്സിലാക്കിയ ഇവർ സമൂഹമാധ്യമങ്ങളിലൂടെയും എംബസിമുഖേനയും സഹായം അഭ്യർഥിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ശമ്പളമോ വിശ്രമമോ ഇല്ലാതെയായിരുന്നു ജോലി. ഇവരെ തിരിച്ചുവിടാനുള്ള സമ്മർദമേറിയപ്പോൾ മ്യാൻമറിലെ ഒരു പൊലീസ് സ്റ്റേഷനുമുന്നിൽ ഉപേക്ഷിച്ച് ഏജന്റുമാർ മുങ്ങി. തുടർന്ന് നിയമപ്രകാരമുള്ള മൂന്നാഴ്ചത്തെ തടവിനുശേഷമാണ് ഇവർ തിരിച്ചെത്തിയത്. ആലപ്പുഴയിലുള്ള ഷഹന എന്ന സ്ത്രീയായിരുന്നു നാട്ടിലെ ഏജന്റെന്ന് തിരിച്ചെത്തിയവർ പറഞ്ഞു.