പാലക്കാട്
ലോകകപ്പ് ഫുട്ബോൾ പ്രേമികൾക്ക് ഭക്ഷണ വിരുന്നൊരുക്കാൻ ഖത്തറിലേക്ക് കടക്കുന്നത് അഞ്ചുകോടി മുട്ട. തമിഴ്നാട്ടിലെ ‘എഗ് സിറ്റി’യായ നാമക്കലിലെ കോഴിഫാമുകളിൽനിന്നാണ് മൂന്നുകോടിയോളം മുട്ട കപ്പൽ കയറിയത്. അമേരിക്കൻ വിപണികൾ വില കുറച്ചുനൽകി ഇന്ത്യൻ വിപണിയെ തകർക്കുന്നതിനിടെയാണ് കോഴിഫാം ഉടമകൾക്ക് ആശ്വാസമായി ലോകകപ്പിന്റെ വിളി എത്തിയത്.
ആവശ്യം വർധിച്ചത്, മുട്ടവിലയിലും മാറ്റമുണ്ടാക്കി. ഒരു മാസത്തിനിടെ വടക്കൻ ജില്ലകളിൽ കോഴിമുട്ടയ്ക്ക് ഒരു രൂപയിലേറെയും താറാവുമുട്ടയ്ക്ക് ഒരു രൂപയും വർധിച്ചു. ലോകകപ്പിനെത്തുടർന്ന് ഖത്തറിൽനിന്ന് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്. ഒക്ടോബർ ആദ്യം മൊത്തവിപണിയിൽ നാലു രൂപ 55 പൈസയായിരുന്നു ഒരു മുട്ടക്ക്. നവംബർ ആദ്യവാരം കൂടി. വെള്ളിയാഴ്ച 5.70 രൂപയായി. ചില്ലറ വിൽപ്പനശാലയിൽ 6.25 , സൂപ്പർമാർക്കറ്റുകളിൽ 6.55 എന്നിങ്ങനെയാണ് നിലവിൽ ഈടാക്കുന്നത്. താറാവുമുട്ട എട്ടിൽനിന്ന് ഒമ്പതായി. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിലുമായി. കാടമുട്ടക്കും വില ഏഴിലേക്ക് ഉയർന്നു.
ഗൾഫിൽനിന്ന് തമിഴ്നാട്ടിലെ വ്യാപാരികൾക്ക് അഞ്ചുകോടി കോഴിമുട്ടക്കാണ് ഓർഡർ ലഭിച്ചത്. നാമക്കലിൽ ദിവസം മൂന്നരക്കോടിയോളം മുട്ട ഉൽപ്പാദിപ്പിക്കുന്നു. ക്രിസ്മസ് അടുക്കുന്നതോടെ വില ഇനിയും ഉയർന്നേക്കും. നേരത്തേ, മുട്ടവില ഇടിഞ്ഞപ്പോൾ ഇടത്തരം ഉൽപ്പാദകർ ഫാം അടച്ചിരുന്നു. വൻകിട ഫാമുകളാണ് ഇപ്പോഴുള്ളത്. ആവശ്യം കൂടിയെങ്കിലും ഉൽപ്പാദന വർധനയുണ്ടാകാത്തതും വിലകൂടാൻ കാരണമായി. കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണ് താറാവുമുട്ട വില ഉയരാൻ കാരണം.