ലോകഫുട്ബോളിലെ മുടിചൂടാമന്നൻമാരായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലൂക്കാ മോഡ്രിച്ച്, കരിം ബെൻസെമ എന്നിവരുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. ക്ലബ് ഫുട്ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തംപേരിൽ കുറിച്ച ഇവർക്ക് ലോകകപ്പ് മോഹം ബാക്കി. ലോകകപ്പ് കിരീടമില്ലാതെ ഈ മിന്നുംതാരങ്ങളുടെ കളിജീവിതം പൂർണമാകില്ല. ഖത്തർ ഇവരുടെ വേദിയാകും.
ലയണൽ മെസി (35)
അർജന്റീനയുടെ പ്രതീക്ഷകൾ മുഴുവൻ ലയണൽ മെസിയിലാണ്. അർജന്റീനയെ കോപ അമേരിക്ക ചാമ്പ്യൻമാരാക്കിയും യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലസിമ ജേതാക്കളാക്കിയുമാണ് മെസി എത്തുന്നത്. അഞ്ചാംലോകകപ്പാണ്. ആകെ കളിച്ചത് 19 മത്സരം. നേടിയത് ആറ് ഗോൾ. അഞ്ചെണ്ണത്തിന് അവസരമൊരുക്കി. 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു മികച്ച പ്രകടനം. അർജന്റീന ഫൈനൽവരെ മുന്നേറിയ ലോകകപ്പിൽ മെസി നേടിയത് നാല് ഗോൾ. ഒരെണ്ണത്തിന് അവസരമൊരുക്കി. അർജന്റീന ഫൈനലിൽ ജർമനിയോട് ഒരു ഗോളിന് തോൽക്കുകയായിരുന്നു. മെസിയെ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തു. ഇനിയൊരു അവസരം അർജന്റീന ക്യാപ്റ്റന് കിട്ടാനിടയില്ല.
ക്രിസ്റ്റ്യാനോ
റൊണാൾഡോ (37)
അഞ്ചാംലോകകപ്പിന് ഇറങ്ങുന്ന റൊണാൾഡോയ്ക്ക് കിരീടത്തിന്റെ പകിട്ടുകൂടി വേണം. അഞ്ചാംലോകകകപ്പാണ്. 17 മത്സരങ്ങളിൽ ഇറങ്ങി. ഏഴ് ഗോൾ നേടി. രണ്ടെണ്ണത്തിന് അവസരവുമൊരുക്കി. 2018 റഷ്യൻ ലോകകപ്പിൽ സ്പെയ്നിനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ പ്രകടനം ശ്രദ്ധേയമായി. പോർച്ചുഗലിന് പ്രീക്വാർട്ടർവരെ മുന്നേറാനേ കഴിഞ്ഞുള്ളൂ. ഉറുഗ്വേയോട് തോറ്റായിരുന്നു മടക്കം. ഇക്കുറി മികച്ച സംഘമാണ് പോർച്ചുഗലിന്. റൊണാൾഡോയ്ക്കുവേണ്ടി ഈ ലോകകപ്പ് നേടുമെന്ന് സഹതാരം ബെർണാഡോ സിൽവ ഉൾപ്പെടെയുള്ളവർ പറയുന്നു.
നെയ്മർ (31)
ഇക്കുറി ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ബ്രസീൽ. നെയ്മർക്കിത് സുവർണാവസരം. മൂന്നാംലോകകപ്പാണ്. 2014ൽ ബ്രസീൽ ലോകകപ്പിലായിരുന്നു അരങ്ങേറ്റം. പരിക്കുകാരണം ജർമനിക്കെതിരായ സെമിയിൽ ഇറങ്ങാനായില്ല. ടീം 7–-1ന് ജർമനിയോട് തോറ്റു. ഈ ലോകകപ്പിൽ അഞ്ച് കളിയിൽ നാല് ഗോളാണ് മുപ്പതുകാരൻ നേടിയത്. 2018 റഷ്യൻ ലോകകപ്പിൽ അഞ്ച് കളിയിൽ രണ്ട് ഗോളും. ആകെ 10 കളിയിൽ ആറ് ഗോളാണ് ബ്രസീലുകാരൻ നേടിയത്. മൂന്നെണ്ണത്തിന് അവസരമൊരുക്കി. ഇനിയൊരു ലോകകപ്പിനില്ലെന്ന് നെയ്മർ വ്യക്തമാക്കിയിരുന്നു.
ലൂക്കാ മോഡ്രിച്ച് (37)
2018 ലോകകപ്പിൽ ക്രൊയേഷ്യയുടെ അത്ഭുതക്കുതിപ്പിന് പിന്നിൽ ലൂക്കാ മോഡ്രിച്ചിന്റെ കാലുകളായിരുന്നു. ഫൈനലിൽ ഫ്രാൻസിനോട് തോറ്റെങ്കിലും ലോകകപ്പിന്റെ താരമായത് ഈ മധ്യനിരക്കാരനാണ്. 2006 ലോകകപ്പിലായിരുന്നു അരങ്ങേറ്റം. ആകെ മൂന്ന് ലോകകപ്പുകളിൽ കളിച്ചു. ഖത്തറിലേത് അവസാന ലോകകപ്പായിരുക്കുമെന്ന് ഈ മുപ്പത്തേഴുകാരൻ പ്രഖ്യാപിച്ചുകഴിഞ്ഞു.
കരിം ബെൻസെമ (34)
ബാലൻ ഡി ഓർ പുരസ്കാര നിറവിനുപിന്നാലെയാണ് കരിം ബെൻസെമ ഖത്തറിൽ എത്തുന്നത്. വർഷങ്ങളോളം ഫ്രഞ്ച് കുപ്പായത്തിലുള്ള വിലക്ക് കഴിഞ്ഞ യൂറോയിലായിരുന്നു അവസാനിച്ചത്. റയൽ മാഡ്രിഡ് കുപ്പായത്തിൽ ഗോൾവർഷിച്ചാണ് ലോകഫുട്ബോളർ എന്ന നേട്ടം ഇത്തവണ സ്വന്തമാക്കിയത്. ഡിസംബറിൽ 35 തികയും. ഇനിയൊരു ലോകകപ്പുണ്ടാകില്ലെന്നുറപ്പാണ്. ഖത്തറിൽ ഫ്രാൻസിനായി കിരീടമുയർത്തി ഇതിഹാസമായി മടങ്ങാനാണ് ലക്ഷ്യം.