ദോഹ
2022ലെ തകർപ്പൻ പ്രകടനം ആവർത്തിക്കാൻ ഖത്തറിലെത്തിയ സെനെഗലിന് കനത്ത തിരിച്ചടി. കാൽപ്പാദത്തിന് പരിക്കേറ്റ സൂപ്പർ താരം സാദിയോ മാനെ ടീമിൽനിന്ന് പുറത്തായി. നവംബർ എട്ടിന് നടന്ന ബയേൺ മ്യൂണിക്–-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു മാനെയ്ക്ക് പരിക്കേറ്റത്. ഇത് വകവയ്ക്കാതെ മാനെയെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ലോകകപ്പിലെ ആദ്യമത്സരം നഷ്ടമാകുമെന്നായിരുന്നു സെനെഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നത്. എന്നാൽ, വിശദ പരിശോധനയിൽ ശസ്ത്രക്രിയ വേണമെന്ന് വ്യക്തമായി. മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് സെനെഗൽ ഫുട്ബോൾ ഫെഡറേഷനും ജർമൻ ക്ലബ് ബയേൺ മ്യൂണിക്കും സ്ഥിരീകരിച്ചു.
മാനെയുടെ ചിറകിലേറിയാണ് സെനെഗൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരായത്. ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. രണ്ടുതവണ ആഫ്രിക്കൻ ഫുട്ബോളറായി തെരഞ്ഞെടുത്തു. സെനെഗലിന്റെ ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണത്തെ സാരമായി ബാധിക്കും. തിങ്കളാഴ്ച കരുത്തരായ നെതർലൻഡ്സുമായാണ് സെനെഗലിന്റെ ആദ്യമത്സരം. ആതിഥേയരായ ഖത്തർ, ഇക്വഡോർ ടീമുകളുമായാണ് ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ.