ലോക ഫുട്ബോളിലെ ആധിപത്യം തുടരാൻ യൂറോപ്പ് കച്ചകെട്ടുന്നു. കിരീടം തിരിച്ചുപിടിക്കാൻ സർവസന്നാഹവുമായി ലാറ്റിനമേരിക്കയുണ്ട്. വിശ്വ ഫുട്ബോളിലെ ഈ പരമ്പരാഗത പോരിൽ ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യം. കളിയും കളിരീതിയും മാറിയകാലത്ത് വിജയത്തിന്റെ തന്ത്രങ്ങളും മന്ത്രങ്ങളും പ്രധാനം.
യൂറോപ്പിൽനിന്നുള്ള 13 ടീമുകളിൽ കിരീടം നേടാൻ സാധ്യതയുള്ള എട്ടോ ഒമ്പതോ ടീമുകളുണ്ട്. അവരെ വെല്ലുവിളിക്കാൻ ലാറ്റിനമേരിക്കയിൽനിന്ന് രണ്ട് ടീമുകൾ. ബ്രസീലും അർജന്റീനയും. ഇക്കുറി മികച്ച ടീമാണെങ്കിലും ഉറുഗ്വേ കപ്പടിക്കുമെന്ന് വിശ്വസിക്കുക പ്രയാസം. യൂറോപ്യൻ ടീമുകളിൽ പ്രധാനി കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഫ്രാൻസാണ്. ബാലൻ ഡി ഓർ ജേതാവ് കരിം ബെൻസെമയും കിലിയൻ എംബാപ്പെയും അണിനിരക്കുന്ന മൂർച്ചയുള്ള മുന്നേറ്റനിരയാണ് ശക്തി. ഗോളടിക്കാൻ സ്ട്രൈക്കർമാരുടെ നീണ്ടനിര. പോഗ്ബ–-കാന്റെ സഖ്യത്തിനുപകരം മധ്യനിരയുടെ ചുമതല കൗമാരക്കാരായ ഒർലെയ്ൻ ചൗമെനിക്കും എഡ്വേർഡ് കമവിംഗയ്ക്കുമാണ്. ലോകകപ്പിൽ അവിശ്വസനീയമായി രൂപംമാറുന്ന ജർമനിയെയാണ് എപ്പോഴും കാണാറ്. നാല് കിരീടം സ്വന്തമായുണ്ട്. ക്യാപ്റ്റൻ മാനുവൽ നോയെ, ജോഷ്വാ കിമ്മിച്ച്, തോമസ് മുള്ളർ, ജമാൽ മുസിയാല ഉൾപ്പെടെ ഏഴ് ബയേൺ മ്യൂണിക് താരങ്ങൾ ടീമിലുണ്ട്. പ്രതിരോധക്കാരൻ മാറ്റ് ഹമ്മൽസും റൊബിൻ ഗൊസെൻസുമില്ല. പരിക്കേറ്റ മധ്യനിരക്കാരൻ മാർകോ റ്യൂസിനും ടിമോ വെർണർക്കും ഖത്തർ നഷ്ടമായി.
യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് സ്പെയ്ൻ വരുന്നത്. 2010ലെ ജേതാക്കളാണ്. അൻസു ഫാറ്റി, പെഡ്രി, ഗാവി, നികോ വില്യംസ് എന്നിവർ ഈ ലോകകപ്പിലെ താരങ്ങളായേക്കും. പ്രതിരോധത്തിൽ സെർജിയോ റാമോസിന്റെ അഭാവം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം. ഇംഗ്ലണ്ട് 1966നുശേഷം ഒരു കിരീടം കൊതിക്കുന്നുണ്ട്. ഹാരി കെയ്ൻ നയിക്കുന്ന ടീമിൽ ഗോളടിക്കാൻ ബുകായോ സാക, റഹീം സ്റ്റെർലിങ്, കല്ലം വിൽസൺ, മാർകസ് റാഷ്ഫഡ് തുടങ്ങിയവരുണ്ട്.
പരിക്കിന്റെ പിടിയിലായ മുന്നേറ്റക്കാരൻ റൊമേലു ലുക്കാക്കുവിനെ ഉൾപ്പെടുത്തിയാണ് ബൽജിയത്തിന്റെ വരവ്. അവരുടെ സുവർണനിരയ്ക്ക് കിരീടം നേടാനുള്ള അവസാന അവസരം. കെവിൻ ഡി ബ്രയ്ൻ, ഏദൻ ഹസാർഡ്, തോമസ് മ്യൂനിയർ, യാൻ വെർടോഗെൻ, തിബൗ കുർടോ, യൂറി ടിലെമൻസ് തുടങ്ങിയ പ്രധാനികളെല്ലാമുണ്ട്.
കറുത്ത കുതിരകളാകാൻ സാധ്യതയുള്ളവരാണ് ഡെൻമാർക്ക്. മധ്യനിരക്കാരൻ ക്രിസ്റ്റ്യൻ എറിക്സൺ, ഗോൾകീപ്പർ കാസ്പെർ ഷ്മൈക്കേൽ, ക്യാപ്റ്റൻ സിമോൺ കെയർ, പിയറി എമിലി ഹോയ്ബർഗ്, കാസ്പെർ ഡൊൾബെർഗ്, തോമസ് ഡേലേനി തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ, ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. ക്രൊയേഷ്യ കഴിഞ്ഞതവണ ഫൈനലിലെത്തി അത്ഭുതപ്പെടുത്തിയിരുന്നു. നിർണായക കളിയിൽ തോറ്റുപോകുന്ന നെതർലൻഡ്സ് കന്നിക്കിരീടം കാത്തിരിക്കുന്നു.
ആറാംകിരീടമാണ് ബ്രസീലിന്റെ ലക്ഷ്യം. ഏഷ്യയിലെ സാഹചര്യങ്ങൾ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. 2002ൽ ഏഷ്യ ആതിഥേയരായപ്പോഴാണ് അവസാന കിരീടം. ടീമിൽ ഗോളടിക്കാൻ ഒമ്പതുപേരുണ്ട്. നെയ്മറിനൊപ്പം റിച്ചാർലിസൺ, ഗബ്രിയേൽ ജെസ്യൂസ്, വിനീഷ്യസ് ജൂനിയർ, റഫീന്യ, ആന്തണി, ഗബ്രിയേൽ മാർടിനെല്ലി, പെഡ്രോ, റോഡ്രിഗോ എന്നിവർ ഏത് പ്രതിരോധവും ഭേദിക്കും. പ്രതിരോധത്തിൽ മുപ്പത്തൊമ്പതുകാരൻ ഡാനിൽ ആൽവേസിന്റെ ഉൾപ്പെടുത്തൽ അപ്രതീക്ഷിതമാണ്.
മെസിയെമാത്രം കേന്ദ്രീകരിച്ചുള്ള കളിശൈലി പൊളിച്ചെഴുതിയാണ് കോച്ച് ലയണൽ സ്കലോണി അർജന്റീനയെ ഒരുക്കിയത്. അതിനർഥം മെസിയുടെ പ്രാധാന്യം കുറഞ്ഞെന്നല്ല. മെസിക്ക് ബോക്സിനടുത്ത് സ്വതന്ത്രമായി കളിക്കാൻ അവസരം നൽകി. ഒപ്പം വിങ്ങിൽ എയ്ഞ്ചൽ ഡി മരിയയുണ്ട്. പരിക്കുമാറി പൗലോ ഡിബാലയുമെത്തി.