വിമാനം പരുന്തിനെപ്പോലെ തോന്നിച്ചു. ആകാശത്ത് ചിറകുവിരിച്ചങ്ങനെ ഒഴുകുന്നു. മേഘപാളികൾക്കിടയിലൂടെ ഖത്തർ തെളിയുകയാണ്. താഴെ കരയും കടലും പ്രണയിച്ചൊഴുകുന്നപോലെ. കൂറ്റൻ കെട്ടിടങ്ങൾ. അവയോരാന്നും ആകാശം തൊടുമോയെന്ന് തോന്നിച്ചു. കടലിൽ ആഡംബരനൗകകൾ നങ്കൂരമിട്ടിരിക്കുന്നു. ഒറ്റക്കുടക്കീഴിൽ എന്നപോലെ സ്റ്റേഡിയങ്ങൾ. കേരളത്തിന്റെ ആകാശക്കാഴ്ച നിറയെ പച്ചപ്പെങ്കിൽ ഖത്തറിൽ അത് കടലിനെ തൊട്ടുരുമ്മി പരന്നുകിടക്കുന്ന മനുഷ്യനിർമിതിയുടെ അസൂയാവഹമായ കൂടാരങ്ങളാണ്. വിസ്മയക്കാഴ്ചകളുടെ പറുദീസയിലേക്കാണ് വിമാനമിറങ്ങിയത്. ശരിക്കും അറബിക്കഥകളെ വെല്ലുന്ന നിർമിതികൾ.

മുത്തുവാരിയും മീൻപിടിച്ചും കഴിഞ്ഞിരുന്ന ഒരു ജനത കൈവരിച്ച അത്ഭുതകരമായ പുരോഗതിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ ‘1001 രാവുകൾ’ മതിയാകാതെവരും. അറബികളിൽ ഏറ്റവും ദരിദ്രരായിരുന്നു ഖത്തരികൾ. കുടിവെള്ളത്തിനുപോലും ക്ഷാമം. മൂന്നുഭാഗവും കടലും മരുഭൂമിയും. ജീവിക്കാൻ കടലായിരുന്നു ആശ്രയം. തോണിയിൽ മുത്തുശേഖരിക്കാൻ സംഘങ്ങളായി പോയാണ് ഉപജീവനം കഴിച്ചിരുന്നത്.
ഖത്തറിന്റെ രാഷ്ട്രീയ–-സാമൂഹ്യ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്ന ആദ്യ പുസ്തകമായി അറിയപ്പെടുന്നത് റോസ് മേരി സെയ്ദ് സഹ് ലാൻ 1979ൽ എഴുതിയ ‘ദ ക്രിയേഷൻ ഓഫ് ഖത്തർ’ ആണ്. അറബ്ലോകത്തെ ചരിത്രകാരിയുടെ പുസ്തകത്തിലെ വിവരങ്ങൾപ്രകാരം ജനസംഖ്യയുടെ 48 ശതമാനംപേർവരെ മുത്തുവാരലിൽ ഏർപ്പെട്ടിരുന്നു. അതിനർഥം മുഴുവൻ പുരുഷന്മാരും മുത്തുവാരാൻ പോയിരുന്നിരിക്കണം. മുത്തിന് വിലയുണ്ടായിരുന്നെങ്കിലും മുങ്ങലുകാർക്കും വിൽപ്പനക്കാർക്കും യഥാർഥ വില കിട്ടിയിരുന്നില്ല. സാമ്പത്തികമാന്ദ്യവും കൃത്രിമ മുത്തുകളുടെ വരവും വിപണിയെ ബാധിച്ചു. സാമ്പത്തിക തകർച്ചയിൽ കഴിയവേയാണ് എണ്ണയുടെ അനുഗ്രഹവർഷം ഉണ്ടായത്.
1939ലാണ് ഖത്തറിൽ എണ്ണ കണ്ടെത്തുന്നത്. ബ്രിട്ടന്റെ കീഴിൽനിന്നും സ്വതന്ത്ര രാജ്യമാകാൻ വീണ്ടും രണ്ടുപതിറ്റാണ്ടിലേറെ കാലമെടുത്തു. 1971ൽ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. അറബ് ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കരുത്തുള്ള രാജ്യങ്ങളിലൊന്നായാണ് ഖത്തറിനെ വിലയിരുത്തിയത്. ലോകകപ്പ് ഈ രാജ്യത്തിന് മറ്റൊരു മുഖംകൂടി സമ്മാനിക്കും. വലുപ്പത്തിൽ കേരളത്തിന്റെ നാലിൽ ഒന്നേയുള്ളു വിസ്തൃതി. ജനസംഖ്യയാകട്ടെ ശരാശരി ഒരു ജില്ലയിലുള്ള അത്ര. ഖത്തറിലെ ജനസംഖ്യ 30 ലക്ഷമാണ്. അതിൽ ഇന്ത്യക്കാർ ഏഴുലക്ഷം. മൂന്നര ലക്ഷത്തോളം മലയാളികൾ ഇവിടെയുണ്ട്. അവർ ലോകകപ്പ് ആവേശത്തിലാണ്. ഖത്തരികൾക്കൊപ്പം ലോകകപ്പ് സംഘാടനത്തിൽ പങ്കാളികളാകുന്നു. ഇരുപതിനായിരത്തോളം വരുന്ന വളന്റിയർമാരിൽ മലയാളിസാന്നിധ്യം സജീവമാണ്.ലോക സാഹിത്യത്തിൽ ഏറ്റവും പ്രചാരമുള്ളതാണ് അറബിക്കഥകൾ. ഖത്തർ ലോകത്തിനുമുന്നിൽ തുറന്നുവയ്ക്കുന്ന കാഴ്ചകൾ അതെത്ര കണ്ടാലും തീരില്ല, എത്രപറഞ്ഞാലും മതിയാകില്ല.















