അബുദാബി> ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് നടക്കുന്നത്. യുഎഇ യുവജനകാര്യ മന്ത്രി ഷമ്മ ബിന്ത് സുഹൈൽ ബിൻ ഫാരിസ് അൽ മസ്റുയി സമ്മേളനത്തിൽ മുഖ്യാതിഥിയായി. വ്യവസായ, സാങ്കേതിക മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബർ, ബഹ്റൈൻ ഇൻഫർമേഷൻ അഫയേഴ്സ് വകുപ്പ് മന്ത്രി റംസാൻ ബിൻ അബ്ദുള്ള അൽ നുഐമി എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോൺ ബ്രിട്ടാസ്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂർവ്വ ചന്ദ്ര, മുൻ രാജ്യസഭ അംഗം എംപി ശ്രേയസ് കുമാർ, മുതിർന്ന മാധ്യമപ്രവത്തകൻ ശശികുമാർ എന്നിവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 29 രാജ്യങ്ങളിൽ നിന്ന് ആകെ 1200 പ്രതിനിധികളാണ് പങ്കെടുക്കുക. 160 ഓളം ആഗോള പ്രശസ്തർ പങ്കെടുക്കുന്ന സെഷനിൽ മുപ്പതിലേറെ സംവാദങ്ങളും ശില്പശാലകളും നടക്കും. മന്ത്രി തല പാനൽ ചർച്ചയിൽ സിംബാബ്വേ, ബഹറിൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവ മാധ്യമ പ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നുണ്ട്.
മനുഷ്യ സമൂഹത്തിൽ സഹിഷ്ണുതയുടെ സംസ്കാരം ഉറപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പ്രത്യേക സെഷനും നടക്കുന്നുണ്ട്. നവംബർ 15 മുതൽ 17 വരെ മൂന്നുദിവസം നടക്കുന്ന ആഗോള മാധ്യമ കോൺഗ്രസ് അബുദാബി നാഷണൽ എക്സിബിഷൻ സെൻറർ, എമിറേറ്റ് ന്യൂസ് ഏജൻസി എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. അതിവേഗത്തിലുള്ള ആഗോള സംഭവ വികാസങ്ങളാൽ പുനർ നിർവചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാധ്യമ മേഖലയ്ക്ക് ഗ്ലോബൽ മീഡിയ കോൺഗ്രസ് പുതിയ ദിശാബോധം നൽകും. മാധ്യമ വ്യവസായത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങളും ആഗോള മീഡിയ കോൺഗ്രസ്സിൽ നടക്കും. സഹിഷ്ണുതയുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് പ്രത്യേക സെഷനും ഗ്ലോബൽ മീഡിയ കോൺഗ്രസിൽ ഉണ്ട്. സഹിഷ്ണുതാ സന്ദേശം പ്രചരിപ്പിക്കുന്നതിലും വിദ്വേഷത്തിനും അക്രമത്തിനും എതിരെ പോരാടുന്നതിലും ആഗോള മാധ്യമങ്ങളുടെ സുപ്രധാന പങ്ക് അടിവരയിടുന്നതായിരിക്കും സമ്മേളനം.
റേഡിയോ, ജേണലിസം, ടെലിവിഷൻ, ഇൻറർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയ്ക്ക് പ്രത്യേക സെക്ഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ശില്പശാലകൾ, പ്രദർശനങ്ങൾ എന്നിവയ്ക്കു പുറമെ മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ, മാധ്യമങ്ങളുടെ ഭാവിയിൽ സാങ്കേതിക വിദ്യയുടെ പങ്ക്, ഈ രംഗത്തെ നിക്ഷേപ രീതികൾ എന്നിവ വിശകലനം ചെയ്യുന്ന ഫ്യൂച്ചർ മീഡിയ ലാബും ഉണ്ടാകും
മെറ്റാവേഴ്സ്, ഫ്യൂച്ചറിസം, വെർച്വൽ റിയാലിറ്റി, ബിഗ് ഡാറ്റ, ഇ- സ്പോർട്സ്, മെഷീൻ ലേണിങ്, ഓട്ടോമേഷൻ, നിർമ്മിത ബുദ്ധി തുടങ്ങിയവ ഉപയോഗപ്പെടുത്തി മാധ്യമപ്രവർത്തനവും വ്യവസായവും കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കോൺഗ്രസ് ചർച്ച ചെയ്യും. ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. മാധ്യമ രംഗത്തെ നൂതന പ്രവണതകളും ബിസിനസ് സാധ്യതകളും പഠിക്കാനും കരാറിൽ ഏർപ്പെടാനും ഇവിടെ അവസരം ഉണ്ടാകും കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും സമ്മേളനത്തിൽ അതിഥികളായി എത്തുന്നുണ്ട്
മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ചർച്ചകളാണ് സമ്മേളനത്തിൽ ഉണ്ടാകുന്നതെന്ന് അബുദാബി ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി പറഞ്ഞു. മാധ്യമങ്ങളെ സംബന്ധിച്ച് ഒട്ടേറെ മാറ്റത്തിനും പഠനത്തിനും ഉതകുന്നതാണ്
ഗ്ലോബൽ മീഡിയ കോൺഗ്രസ് എന്ന് ജോൺ ബ്രിട്ടാസും എം.പി യും പറഞ്ഞു.