ബ്യൂണസ് ഐറിസ്
ലോകകപ്പിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി പറഞ്ഞു. പക്ഷേ, ആ പ്രതീക്ഷ യാഥാർഥ്യബോധമുള്ളതാണ്. ഇത് ലോകകപ്പാണെന്ന തിരിച്ചറിവുണ്ട്. അതിനാൽ ഓരോ കളിയും പ്രധാനമാണ്. അതിലെ ഓരോ നിമിഷവും നിർണായകമാണ്.
അർജന്റീന ടീം
ഇത്തവണ ഖത്തറിലേക്കുള്ള ടീമും 2014 ലോകകപ്പിൽ ഫൈനലിലെത്തിയ ടീമും തമ്മിൽ നല്ല സാദൃശ്യമുണ്ട്. ഈ ടീമിന് ഒറ്റമനസ്സോടെ കളിക്കാനാകും. കിരീടത്തിനായി അവസാന നിമിഷംവരെ പൊരുതാനാകും. എല്ലാ കളികളും ഒരുപോലെ ആയിരിക്കണമെന്നില്ല. പ്രത്യേകിച്ച് ലോകകപ്പിൽ. ഇതറിയുന്നവരാണ് ഇപ്പോഴത്തെ ടീം. മോശം പ്രകടനം മറികടക്കാൻ കഴിവും കരുത്തുമുള്ളതാണ് ടീം.
ലോകകപ്പിന്റെ സമ്മർദം
ടീമിനെക്കുറിച്ച് പ്രതീക്ഷയുണ്ടാവുക സ്വാഭാവികം. അതിന്റെ സമ്മർദം കളിക്കാരിൽ എത്താതിരിക്കാനാണ് ശ്രമം. തുടർച്ചയായി 35 കളികൾ തോൽക്കാതെയാണ് ടീം വരുന്നത്. ആ കണക്ക് കേൾക്കാൻ രസമുള്ളതാണ്. കളിക്കുമ്പോൾ കണക്കിനെക്കുറിച്ച് ആലോചനയില്ലെന്നും മെസി പറഞ്ഞു. ഫ്രാൻസിൽ പിഎസ്ജി ക്ലബ്ബിലായിരുന്ന മെസി ഇന്ന് ടീമിനൊപ്പം ചേരും. 16ന് അബുദാബിയിൽ യുഎഇക്കെതിരെ അർജന്റീനയ്ക്ക് സൗഹൃദമത്സരമുണ്ട്. തുടർന്നാണ് ടീം ലോകകപ്പിനായി ഖത്തറിലെത്തുക.