ദോഹ
ലോകപര്യടനത്തിനുശേഷം സ്വർണക്കപ്പ് ആതിഥേയരായ ഖത്തറിന്റെ തലസ്ഥാനത്തെത്തി. ദോഹയിൽ കപ്പിനെ വരവേറ്റു. ലോകകപ്പ് ട്രോഫി ടൂർ 54 രാജ്യങ്ങൾ സഞ്ചരിച്ചാണ് എത്തിയത്. കളിക്കുന്ന 32 രാജ്യങ്ങളിലും ആദ്യമായി കപ്പിന്റെ പര്യടനമുണ്ടായിരുന്നു. ലോകകപ്പിന്റെ ആവേശം ജനങ്ങളിലെത്തിക്കാൻ മേയിലാണ് പര്യടനം തുടങ്ങിയത്. മേയിൽ ദുബായിൽനിന്നായിരുന്നു തുടക്കം. 2006 ലോകകപ്പുമുതലാണ് യാത്രയുടെ തുടക്കം.
തനിത്തങ്കത്തിൽ തീർത്ത കപ്പിന് 6.142 കിലോഗ്രാം തൂക്കമുണ്ട്. ജേതാക്കൾക്ക് താൽക്കാലികമായി നൽകുന്ന കപ്പിന്റെ സ്ഥിരം സൂക്ഷിപ്പ് ഫുട്ബോൾ സംഘടനയായ ഫിഫയുടെ സംരക്ഷണത്തിലാണ്. ജയിച്ച ടീമിന് സ്വർണംപൂശിയ മറ്റൊരു കപ്പ് കൈമാറും. ഭൂഗോളം രണ്ടുപേർ ഉയർത്തിപ്പിടിച്ച മാതൃകയിലുള്ള കപ്പ് 1974ലാണ് രൂപകൽപ്പന ചെയ്തത്.