തിരുവനന്തപുരം
വ്യാജക്കത്തിനെച്ചൊല്ലിയുള്ള സമരാഭാസത്തിൽ ജനങ്ങൾക്കുമുന്നിൽ ഇളിഭ്യരായ ബിജെപിക്കും യുഡിഎഫിനും ജീവശ്വാസം പകരാൻ മാധ്യമപ്പടയാളികൾ. ജനപിന്തുണയില്ലാത്ത അക്രമസമരം ‘കൂടുതൽ കടുപ്പിക്കാനുള്ള’ ഉപദേശവുമായാണ് ഞായറാഴ്ച ചില പത്രങ്ങൾ പുറത്തിറങ്ങിയത്. പൊലീസുകാരിയുടെ മുടിക്കുത്തിന് പിടിച്ചുവലിച്ച ബിജെപി കൗൺസിലറുടെയും സ്ത്രീവിരുദ്ധ പ്രസ്താവനയെഴുതിയ പെട്ടിയുമായെത്തിയ കോൺഗ്രസ് എംപിയുടെയും നടപടികളിൽ നാണംകെട്ട പ്രതിപക്ഷത്തിന് ഊർജമേകാനായിരുന്നു യുഡിഎഫ് അനുകൂല പത്രം എട്ടു കോളത്തിൽ ശ്രമിച്ചത്.
ബിജെപി–- മാധ്യമ കൂട്ടുകെട്ടിൽ പിറന്ന വ്യാജക്കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് മറച്ചുവച്ച്, വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആര്യയും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതിയാകുമെന്ന മോഹം പ്രമുഖ വലതുപക്ഷ പത്രം പങ്കുവച്ചു.
മുൻ കൗൺസിലറായ കോൺഗ്രസ് നേതാവ് വിജിലൻസിനു നൽകിയ പരാതി മാത്രമേ അറിഞ്ഞുള്ളൂ. ഇതേ പത്രത്തിന്റെ ലേഖകൻ വിളിച്ചറിയിച്ചപ്പോഴാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്ന് മേയർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. മുമ്പേയറിഞ്ഞ പത്രത്തിനാകട്ടെ, മേയറെയും ജില്ലാ സെക്രട്ടറിയെയും പ്രതിയാക്കാനാണ് വ്യഗ്രത. മേയർ പ്രതിനിധാനംചെയ്യുന്ന മുടവൻമുകൾ വാർഡിൽ കഴിഞ്ഞ ദിവസം യുഡിഎഫ് നടത്തിയ ആളില്ലാ സമരത്തെ ‘കൗൺസിലർമാരടക്കം നൂറോളം പേരെ’ പങ്കെടുപ്പിച്ച് വിജയിപ്പിച്ചെടുക്കാനുള്ള ശ്രമവും യുഡിഎഫ് അനുകൂല പത്രം നടത്തി.