തിരുവനന്തപുരം
സിപിഐ എം പ്രവർത്തകൻ ആനാവൂർ നാരാണൻ നായരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയും ബിഎംഎസ് നേതാവുമായ വെള്ളാംകൊള്ളി രാജേഷ് വധശ്രമക്കേസിലും പ്രതി. ആർഎസ്എസുകാരനായിരുന്ന കുറ്റിയാണിക്കാട് ദിലീപിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് പ്രതിയായത്. 2001ലാണ് വൈരാഗ്യത്തിന്റെ പേരിൽ ദിലീപിനെ അമ്പതിൽ കൂടുതൽ തവണ ഇയാൾ വെട്ടിയത്. കേസ് കോടതിയുടെ പരിഗണനയിലാണ്. നാരായണൻ നായർ വധക്കേസിനുശേഷം കാട്ടാക്കട സ്വദേശിയായ രാജേഷ് കരിമഠത്താണ് താമസം. മൂന്നുതവണ ബിഎംഎസിന്റെ കീഴിലുള്ള കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. സർക്കാർ സ്ഥാപനത്തിലെ ട്രേഡ് യൂണിയന്റെ തലപ്പത്ത് ക്രിമിനലിനെ കൊണ്ടുവന്നതിനെ മറ്റുസംഘടനകൾ അന്നുതന്നെ വിമർശിച്ചിരുന്നു.
ക്രിമിനലുകൾ നേതൃത്വത്തിലിരിക്കുന്നത് തൊഴിലാളികൾക്ക് നല്ലതല്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലാളികൾ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന കാലത്ത് അവരുടെ അവകാശം സംരക്ഷിക്കാനും മാർഗദർശിയാകേണ്ട ആളാകണം ട്രേഡ് യൂണിയൻ നേതാവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ അണികൾക്ക് മാതൃകയാകണമെന്ന് കെഎസ്ആർടിഇഎ ജനറൽസെക്രട്ടറി എസ് വിനോദ് ചൂണ്ടിക്കാട്ടി. ക്രിമിനലിനെ ബിഎംഎസ് ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവീസിൽനിന്ന് പുറത്താക്കണം:
കെഎസ്ആർടിഇഎ
സിപിഐ എം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി വെള്ളാംകൊള്ളി രാജേഷിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് കെഎസ്ആർടിഇഎ ആവശ്യപ്പെട്ടു. കെഎസ്ആർടിസി സെൻട്രൽ ടെർമിനലിൽ ചെക്കിങ് ഇൻസ്പെക്ടറാണ് ഇയാൾ. കൊല നടത്തിയ 2013ൽ കണ്ടക്ടറായിരുന്നു. സർവീസ് റൂൾ പ്രകാരം ഗുരുതരമായ കുറ്റത്തിന് 48 മണിക്കൂർ ജയിലിലായാൽ സർവീസിൽനിന്ന് പുറത്താക്കാം. ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇയാൾക്കെതിരെ നപടിയെടുക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറാകണമെന്ന് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.