തിരുവനന്തപുരം
കൊലപാതകക്കേസിൽ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഒന്നാം പ്രതിയെ ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ആർഎസ്എസ്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി 11 ആർഎസ്എസുകാരും കുറ്റംചെയ്തുവെന്ന് വിധിച്ച കേസിലെ ഒന്നാം പ്രതിയാണ് വെള്ളാംകൊള്ളി രാജേഷ്.
കോടതിവിധിക്ക് പിന്നാലെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിഎംഎസിന്റെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘിന്റെ ജനറൽ സെക്രട്ടറിയായാണ് വീണ്ടും വെള്ളാംകൊള്ളി രാജേഷിനെ തെരഞ്ഞെടുത്തത്. |
നാരായണൻ നായരെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുകയും തിങ്കളാഴ്ച പകൽ രണ്ടിന് ശിക്ഷാവിധി വരാനിരിക്കെയുമാണ് രാജ്യത്തെ നിയമത്തെ അവഹേളിച്ചുള്ള ആർഎസ്എസ് നീക്കം.
തലസ്ഥാനത്ത് ശനിയാഴ്ച സമാപിച്ച സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ഭാരവാഹികളായി കൊലക്കേസ് പ്രതിക്ക് പുറമെ പ്രസിഡന്റായി ജി കെ അജിത്തിനെയും വർക്കിങ് പ്രസിഡന്റായി കെ രാജേഷിനെയും തെരഞ്ഞെടുത്തു. പുതിയ ജനറൽ സെക്രട്ടറി ജയിലഴിക്കുള്ളിലാകുമെന്ന് ഉറപ്പാക്കിയതോടെ സംഘാടനാ ചുമതല വഹിക്കാൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്ന പുതിയൊരു ഭാരവാഹിത്വവും സൃഷ്ടിച്ചു. എസ് അജയകുമാർ എന്ന ആർഎസ്എസ് പ്രമുഖനെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.