കളമശേരി> എൺപതാം പിറന്നാളാഘോഷിക്കുന്ന എഴുത്തച്ഛൻ പുരസ്കാര ജേതാവ് സേതുവിന് സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയുംചേർന്ന് നൽകിയ ആദരം നാടൊന്നാകെ ഏറ്റെടുത്ത് ആഘോഷമാക്കി. മലയാള സാഹിത്യത്തിന് പുതുഭാവുകത്വം സമ്മാനിച്ച പ്രിയഎഴുത്തുകാരനോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളായി ആദരിക്കൽ ചടങ്ങിലെ ഓരോ നിമിഷവും.
ഏറെക്കാലമായി അദ്ദേഹം താമസിക്കുന്ന പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആദരസമ്മേളനത്തിൽ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർക്കുപുറമെ സേതുവിന്റെ വായനക്കാരുമെത്തി. ‘സേതുവിന്റെ സാഹിത്യം’ എന്ന വിഷയത്തിൽ പകൽ രണ്ടിന് സെമിനാർ നടന്നു. ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി. ജനറൽ കൗൺസിൽ അംഗം ഡോ. കെ എസ് രവികുമാർ, ഡോ. ആർ ശ്രീലത വർമ, എം പി ജയൻ, കെ എം മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.
വൈകിട്ട് ആദരസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി സി പി അബൂബക്കർ, സുഭാഷ് ചന്ദ്രൻ, സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, കെ വി രവീന്ദ്രൻ, ഓമന ശിവശങ്കരൻ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സംഘാടകസമിതി ജനറൽ കൺവീനർ വി എം ശശി എന്നിവർ സംസാരിച്ചു. സേതു ആദരവിന് മറുപടി പറഞ്ഞു. ഭാര്യ രാജലക്ഷ്മിയും പങ്കെടുത്തു.