കൊല്ലം/കൊച്ചി
ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ 26 ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ നൈജീരിയൻ തീരത്ത് നങ്കൂരമിട്ടു. നൈജീരിയൻ നാവികസേന, കപ്പലിന് അകത്തും പുറത്തും നിലയുറപ്പിച്ചിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചതായി കപ്പലിലുള്ള കൊല്ലം നിലമേൽ സ്വദേശി വിജിത് വി നായർ അച്ഛനെ ഫോണിൽ അറിയിച്ചു. എംബസിക്ക് കൈമാറാനുള്ള രേഖ കപ്പൽ ജീവനക്കാർ തയ്യാറാക്കി. ഇന്ത്യ-–നൈജീരിയ ചർച്ച ഉടൻ നടക്കുമെന്നാണ് സൂചന. ഭക്ഷണവും വെള്ളവും കപ്പലിലുണ്ട്. പാസ്പോർട്ട് സേനയുടെ കൈവശമാണെന്നും വിജിത് പറഞ്ഞു.
അതേസമയം, തടവിലായവർക്ക് കപ്പലിലെ ക്യാബിനിലേക്ക് പോകാൻ സുരക്ഷാഭടന്മാർ അനുമതി നൽകിയെന്ന് എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത ഭാര്യക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞു. ദൗത്യം പൂർത്തിയായെന്നു പറഞ്ഞാണ് ക്യാബിനുകളിലേക്ക് പോകാൻ അനുവദിച്ചത്. എല്ലാവർക്കും ഫോണും വൈഫൈയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ കപ്പലിലെ ചീഫ് ഓഫീസർ സനു ജോസ് ഉൾപ്പെടെ 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളായ 10 പേരുമാണ് കപ്പലിലുള്ളത്. വെള്ളിയാഴ്ചയാണ് നൈജീരിയൻ നാവികസേനയ്ക്ക് ഇവരെ കൈമാറിയത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇക്വറ്റോറിയൽ ഗിനി നാവികസേന ആഗസ്ത് ഒമ്പതിനാണ് കപ്പൽ പിടിച്ചത്. ഇവർ മൂന്നുമാസമായി കപ്പലിലും ഗിനിയിലെ ജയിലിലുമായി തടവിലാണ്.