പാലക്കാട്
ഒന്നാംവിളയ്ക്ക് സംഭരിച്ച നെല്ലിന്റെ പണം ഉടൻ കർഷകർക്ക് ലഭ്യമാക്കും. കേരളബാങ്കുമായി സഹകരിച്ച് പണം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ചേരുന്ന മന്ത്രിതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സംഭരണ തുക നൽകാനുള്ള കരാറുമായി സഹകരിക്കാമെന്ന് കേരള ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെയും സിവിൽ സപ്ലൈസ് മന്ത്രിയെയും സപ്ലൈകോ എംഡിയെയും അറിയിച്ചിട്ടുണ്ട്.
കേരള ബാങ്കിൽനിന്ന് 2300 കോടിരൂപ വായ്പയായി ലഭ്യമാക്കുന്നത് സംബന്ധിച്ച് മന്ത്രി ജി ആർ അനിൽ, പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സപ്ലൈകോ എം ഡി സഞ്ജീവ്കുമാർ പട്ജോഷി എന്നിവരുമായി ചർച്ച നടത്തി. കേരള ബാങ്ക് നാല് ശതമാനം പലിശയ്ക്കാണ് സർക്കാരിന് വായ്പ നൽകുന്നത്. കഴിഞ്ഞ രണ്ടാംവിളയ്ക്ക് 1000 കോടി രൂപ കർഷകർക്ക് കേരള ബാങ്ക് വഴിയായിരുന്നു വിതരണം. ഇത്തവണയും സംഭരണവുമായി സഹകരിക്കുമെന്നും കേരള ബാങ്കിന് കർഷകരെ ഒഴിവാക്കാനാവില്ലെന്നും ഡയറക്ടർ എ പ്രഭാകരൻ എംഎൽഎ പറഞ്ഞു.
കേരള ബാങ്കിനെ കൂടാതെ എസ്ബിഐ നേതൃത്വത്തിൽ കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്ന് രൂപീകരിച്ച കൺസോർഷ്യവുമായി സപ്ലൈകോ കരാറിൽ ഒപ്പിട്ടുണ്ട്. ഇതുപ്രകാരം 6.9 ശതമാനം പലിശ നിരക്കിൽ 2,500 കോടി രൂപയാണ് വായ്പ നൽകുക. നേരത്തേയുള്ള പിആർഎസ് വായ്പ പദ്ധതി പ്രകാരം പലിശ 8.5 ശതമാനമായിരുന്നു.
നേരത്തേ കർഷകർക്ക് വായ്പയായിട്ടാണ് ബാങ്കുകൾ പണം നൽകിയിരുന്നതെങ്കിൽ ഈ സീസൺ മുതൽ അതിന് മാറ്റമുണ്ടാകും. പാഡി റസീപ്റ്റ് ഷീറ്റ് (പിആർഎസ്) വായ്പയായിട്ടാണ് സപ്ലൈകോയ്ക്ക് പണം ലഭിക്കുക. എന്നാൽ കർഷകർ വായ്പക്കാരാവില്ല.
അവരുടെ സിബിൽ സ്കോറിനെയും ബാധിക്കില്ല. ജില്ലകളിൽനിന്ന് കിട്ടുന്ന പേ ഓർഡർ പ്രകാരം സപ്ലൈകോ ഹെഡ് ഓഫീസിൽ നിന്ന് പണം കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. 28.20 രൂപയാണ് നിലവിലെ വില. പാലക്കാട് ജില്ലാ സപ്ലൈകോ ഓഫീസിൽനിന്ന് രണ്ടരക്കോടിയോളം രൂപയുടെ പേ ഓർഡർ ഹെഡ് ഓഫീസിലേക്ക് അയച്ചിട്ടുണ്ട്.